
സായംസന്ധ്യകളിലെന്നും കോഴിക്കോട്ടങ്ങാടിയിലെ തിരക്കേറിയ മാവൂര്‍ റോഡും പാളയം മാര്‍ക്കറ്റും ഒന്നടങ്കം കൈയ്യേറികൊണ്ട് കൂസലില്ലാതെ, അത്രേം നേരം കിട്ടിയ ചപ്പുചവറുകള്‍ ചവച്ചരച്ചുകൊണ്ട് മന്ദം മന്ദം പട്ടാളചിട്ടയില്‍ ലെഫ്റ്റ്റൈറ്റടിച്ച് നീങ്ങുന്ന കരുമാടിക്കൂട്ടം മറ്റാരുമല്ല - എരുമക്കൂട്ടം തന്നെ!

വഴിയില്‍ ബസ്സ് കാത്തുനില്ക്കുന്നോരും പോണോരും വാഹനവ്യൂഹവും എന്തിന്; കാക്കികളും ട്രാഫിക്കന്മാരുമൊക്കെ കരുമാടിക്കൂട്ടത്തെ കണ്ടാല്‍ വഴിമാറിക്കോളണം, 'ആഹാ, എന്നാ കാണാല്ലോ' എന്ന ഭാവത്തിലൊന്നും മുന്നീനില്ക്കാന് നോക്കേണ്ട, യമരാജന്റെ അരുമവാഹനമായ എരുമക്കൂട്ടം വഴിമാറ്റിച്ചോളും! (ഇല്ലേല് കാലില്‍ ആവിയുള്ള അപ്പിയിട്ടത് മാത്രം ഓര്‍മ്മയുണ്ടാവും എന്ന ഭീഷണിയും)

എത്ര ചീറിപ്പായും വാഹനങ്ങളുണ്ടേലും വീഥിയില്‍ നടുക്കെങ്കില് ഒത്തനടുക്കുതന്നെ കരുമാടിയെരുമക്കൂട്ടം ഏമ്പക്കമിട്ടിരുന്നോളും, ഗതകാലസ്മരണകള്‍ ഓരോന്നായിട്ട് അയവിറക്കികൊണ്ടവ നേരം വെളുപ്പിച്ചോളും. കൊല്ലങ്ങളായുള്ള ചര്യ നമ്മളായിട്ടെന്തിനാ ഇല്ലാതാക്കുന്നതല്ലേ?


ഒന്നാലോചിച്ചാല്‍ ഇവരൊക്കെ എത്രയോ ഭേതം! തൊട്ടതിനും തട്ടിയതിനും മുട്ടിയതിനും കണ്ണുരുട്ടിയതിനുമെല്ലാം റോഡുപരോധവും ഹര്‍ത്താലും പണിമുടക്കും നടത്തുന്ന നമ്മള് ഗോഡ്സ് ഓണ്‍ കണ്ട്രീസിനേക്കാളും 'നീറ്റ്'അല്ലേ മിണ്ടാന്‍ വയ്യാത്തയിവ! അതെന്നോ എരുമകള്‍ മനസ്സിലാക്കിയിരിക്കുന്നു എന്നതുപോലും നേതാക്കള്‍ മനസ്സിലാക്കിയില്ലാലോ. :(

"നിങ്ങള്‍ക്കൊന്നും പെരേം കുടീം ഉടമേം ഒന്നൂല്ലേ എരുമകളേ?" - എന്നൊരു വട്ടന്‍ ചീറ്റികൊണ്ടാരാഞ്ഞപ്പോള് ഉത്തരമെന്നപോലെ അവ ഒന്നടങ്കം:
"അമ്പേ.. ബേ. മ്പേ..," എന്നു മുദ്രാവാക്യമുതിര്ത്ത് ചാണകമിട്ടുകൊണ്ട് റോഡില്‍ കുത്തിയിരുപ്പ് തുടര്‍ന്നു..
(ബ്ലോഗുലകത്തിനുവേണ്ടി കോഴിക്കോട്ടങ്ങാടിയില്‍ നിന്നും ഏറനാടന്‍)