ഇന്ന് കാലത്ത് പത്തര മണിക്ക് കോഴിക്കോട് കോവൂര്‍ ലൈബ്രറി കമ്പ്യൂട്ടര്‍വല്‍ക്കരിക്കുകയും ഇന്റെര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്തുകയും ചെയ്തു. ബൂലോഗത്തിന് പ്രതിനിധീകരിച്ചുകൊണ്ട് ആരോരുമറിയാതെ ഞാനും ചടങ്ങില്‍ പങ്കെടുത്തു.

പതീനായിരത്തോളം പുസ്തകങ്ങളും പതിനഞ്ചോളം ആനുകാലികങ്ങളും പതിനൊന്ന് ദിനപത്രങ്ങളും അഞ്ഞൂറോളം മെമ്പറന്മാരുമുള്ള മുപ്പത് വര്‍ഷത്തിലധികം പാരമ്പര്യമുള്ള കോവൂര്‍ ലൈബ്രറിയില്‍ ഇന്നാണ് ഐടി യുഗം പടികയറിയെത്തുന്നത്!
.jpg)
ബൂലോഗത്തെക്കുറിച്ച് അതിന്റെ ഭാരവാഹികളോടെങ്കിലും വിവരിച്ചുകൊടുക്കാനും അറിയാവുന്നവിധം മനസ്സിലാക്കിക്കൊടുക്കാനും ഞാന്‍ ഭഗീരഥപ്രയക്നം ചെയ്തു. അവരെന്നോട് പറ്റുമെങ്കില്‍ സദസ്യര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ സൌമനസ്യം കാണിച്ചെങ്കിലും വിശിഷ്ട വ്യകതികളുടെ പ്രഭാഷണപരമ്പരയ്ക്ക് കളങ്കമാവുമോ, സമയം അതിക്രമിച്ചെങ്കിലോ എന്നാലോചിച്ച് പിന്നീടൊരിക്കല്‍ വേണ്ടപ്പെട്ട ബൂലോഗപ്രതിനിധികളുടെ സാന്നിധ്യത്തില്‍ ആവാമെന്ന് ഉറപ്പുനല്‍കി പോരുകയായിരുന്നു ചെയ്തത്.
കമ്പ്യൂട്ടര്‍ ഉല്‍ഘാടനം (കമ്പ്യൂട്ടര്‍ തല്ക്കാലമില്ലാതെ!) ശ്രീ ബാലന് മാസ്റ്ററും ഇന്റെര്‍നെറ്റ് ഉല്‍ഘാടനം (വളരെ നല്ല പ്രസംഗത്തിലൂടെ) ബഹു. ഡെപ്യൂട്ടി മേയര്‍ ശ്രീ പി.എ.ലത്തിഫും നിര്‍വഹിച്ചു. ഇന്റെര്‍നെറ്റ് ഒരു ‘നെറ്റ്’ ആണെന്നും അത് വേണ്ടവിധം ഉപയോഗിച്ചാല്‍ ‘നെറ്റി’ല്‍ കുരുങ്ങാതെ ഫലപ്രദമാക്കാമെന്നും ശ്രീ ലത്തീഫ് പറഞ്ഞു. വിരല്‍ത്തുമ്പില്‍ എത്തുന്ന വിവരങ്ങളെല്ലാം ആധികാരികതയോ വസ്തുനിഷ്ടമോ എന്ന് കണ്ണടച്ച് വിശ്വസിക്കാനാവില്ലെങ്കിലും നെറ്റിലെ ഏത് വിവരങ്ങള്‍ക്ക് പിന്നിലും ഒരു വ്യക്തിയുടെ സ്വന്തം കാഴ്ചപ്പാടുകളോ സ്വാര്ത്ഥതാല്പര്യമോ കാണുമെങ്കിലും അത് കണ്ടറിഞ്ഞ് ഉപയോഗിച്ചാല്‍ കുഴപ്പമില്ലെന്ന് അദ്ധേഹം അറിയിച്ചു.
നാട്ടിന്‍പുറങ്ങളിലെ വായനശാലകളില്‍ ഐടി യുഗം തുടങ്ങുന്നത് നല്ലതുതന്നെ. ബ്ലോഗുകളും അങ്ങിനെ വായനശാലകളിലൂടെ പ്രചുരപ്രചാരം നേടുമാറാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം അല്ലേ?
N.B:- ഇത് തികച്ചും എന്റെ മാത്രം കാഴ്ചപ്പാടാണ്. ഒരിക്കലും ഒരു ‘അക്കാഡമി’ക്കും ഇക്കാര്യത്തില്‍ ഇപ്പോള്‍ പങ്കില്ല എന്നറിയിച്ചോട്ടെ.