പെരുന്നാള്‍ അവധിദിനത്തില്‍ ഞാന്‍ സഹോദരീ,സഹോദര കുടുംബത്തോടൊപ്പം ദുബായ് മെട്രോ ട്രെയിനില്‍ ഒരു സവാരിക്ക് പോയി. അതൊരു ഒന്നൊന്നര സവാരിയായിരുന്നു.

മാള്‍ ഓഫ് എമിരേറ്റ്സ് പാര്‍ക്കിങ്ങില്‍ വണ്ടിയിട്ട് മെട്രോയില്‍ കേറാന്‍ പോകുമ്പോള്‍ സ്റ്റേഷനില്‍ക്കുള്ള വഴിയെല്ലാം അടച്ചിട്ടിരിക്കുന്നു. നാട്ടിലെപ്പോലെ ഇവിടേം ബന്ദ് ആയൊ എന്ന് അന്ധാളിച്ചപ്പോള്‍ ഒരുത്തന് പറഞ്ഞു മാള്‍ ഓഫ് എമിറേറ്റ്സിലൂടെ അകത്തൂടെ പോകണം സ്റ്റേഷനില്‍ എത്തുവാനെന്ന്.

സ്റ്റേഷനില്ക്ക് പോകുമ്പോള്‍ ഷോപ്പിംഗ് നടത്തി പൈസ തുലയ്ക്കാനുള്ള അടവാണ് ഈ സംവിധാനമെന്ന് മനസ്സിലായി. ഞമ്മളോടാ കളി! ഒരു മിഠായ് പോലും മേടിക്കാതെ ഞങ്ങള്‍ ഒരുപാട് ദൂരം മാളിനകത്തൂടെ നടന്ന് സ്റ്റേഷനിലേക്കുള്ള ആള്‍ക്കാരുടെ ക്യൂവില്‍ നിന്നു. ഉച്ചതിരിഞ്ഞുള്ള നേരമായതുകൊണ്ട് വലിയ തിരക്കില്ല.
ഏറെനേരം നിന്നപ്പോള്‍ ക്ഷീണത്താല്‍ സഹോദരന്റെ ഭാര്യ കുഴഞ്ഞുവീണു. അതുകണ്ട് ഒരു മദാമ്മ ബാഗില്‍ വെച്ച മിനറല്‍ വാട്ടര്‍ തന്നു. അതും കണ്ട് മെട്രോസ്റ്റാഫ് ഫിലിപ്പിനിയും ഒരു നീഗ്രോയും ഓടിവന്നു സുശ്രൂഷ തരികയും ക്യൂവില്‍ നിന്ന ഞങ്ങളെ പ്രത്യേകം പരിചരിച്ച് വേറെ കവാടത്തിലൂടെ കൊണ്ടുപോകുകയും ഉണ്ടായി. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങളെ അവര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കുവാനും പ്ലാറ്റ് ഫോമിലേക്ക് എത്തിക്കുവാനും പോരാഞ്ഞ് തണുത്ത മിനറല്‍ വാട്ടര്‍ ഫ്രീയായി തരുവാനും ഉള്ള വിശാലമനസ്കത കാണിച്ചു.

ഇനിയും മെട്രോയില്‍ കയറാന്‍ പോകുമ്പോള്‍ കൂട്ടത്തില്‍ ആരെങ്കിലും ഇങ്ങനെ ബോധക്ഷയം കാണിച്ചാല്‍ വലിയ ഏടാകൂടമില്ലാതെ ട്രെയിനില്‍ കയറിപ്പറ്റാം എന്ന് മനസ്സിലായി. എപ്പോഴും ബോധം ഇട്ടാല്‍ മെട്രൊ കിട്ടില്ല എന്നും വരാം. എപ്പോഴും ചക്ക ഇട്ടാല്‍ മുയല് കിട്ടില്ല എന്നപോലെ.!

വണ്ടി ദൂരേന്ന് വരുന്നത് കണ്ടപ്പോഴേ ആള്ക്കാര് തിക്കിത്തിരക്കി വാതിലിനടുത്ത് റെഡിയായി നിന്നു.

ഒച്ചയും ഹോണടിയും ഇല്ലാതെ ഒരു ഒച്ചിന് സ്പീഡ് കൂടിയ പോലെ ആറ് ബോഗിയുള്ള എഞ്ചിന് ഇല്ലാത്ത മെട്രോട്രെയിന് കൂക്കില്ലാതെ സ്റ്റേഷനിലെ മിന്നിത്തിളങ്ങുന്ന പ്ലാറ്റ്ഫോമില്‍ വന്നുനിന്നു. അതില്‍ ഒരുവിധം ബദ്ധപ്പെട്ട് കേറിക്കൂടി. പിന്നെ ഒച്ചയില്ലാതെ മര്യാദക്കാരനായി മെട്രോ പുറപ്പെട്ടു.


നമ്മുടെ ഡേഎക്സ്പ്രസ്സ് പോലെ ഷൊര്‍ണ്ണൂര്‍-എറണാകുളം ഷട്ടില്‍ പോലെ ജനനിബിഢമായിരുന്നു അതിനകം. സീറ്റുകള്‍ വിരളം, അതിലാളുകള്‍ നിബിഢം. ബാക്കിയുള്ള ജനങ്ങള്‍ കിട്ടാവുന്ന കമ്പികളില്‍ തൂങ്ങിയാടി നില്‍പ്പുണ്ട്.

കയറ്റമിറക്കമുള്ള റെയിലിലൂടെ വണ്ടി നിശ്ശബ്ദമായി പാഞ്ഞു. ഓരോ അഞ്ചുമിനിറ്റുതോറും സ്റ്റേഷനുകളാണ്. അവിടേന്നെല്ലാം ആളെയെടുത്ത് വണ്ടി മുന്നോട്ട്..

പിന്നെ ഒരു തുരങ്കം വഴി താഴോട്ട് പാതാളത്തിലേക്ക്.. നാലര കിലോമീറ്റര്‍ ദൂരം ബര്‍ദുബായ് ദേര ദേശത്തെ വിഭജിക്കുന്ന ക്രീക്കിലെ വെള്ളത്തിനടിയിലൂടെ ഓടിയിട്ട് മെട്രോട്രെയിന് പിന്നെ പൊങ്ങുന്നത് ദേര സിറ്റിസെന്റര്‍ സ്റ്റേഷനിലാണ്. അവിടേന്നും ആളെയിറക്കി കേറ്റി പാഞ്ഞ് എയര്‍പോര്‍ട്ട് മൂന്നാം ടെര്‍മിനലില്‍ നിന്നു.

ശരിക്കും നമ്മുടെ നാട്ടിലെ പോലെ ആള്ക്കാര് തിക്കിത്തിരക്കി നില്‍ക്കുന്നത് കണ്ടു. ഒരു വ്യത്യാസം മാത്രം, “ചായ് കാപ്പി വടേയ്” എന്നുവിളിച്ച് നടക്കുന്ന ചായക്കാര് ഇവിടെയില്ല, അതുപോലെ സ്റ്റേഷനുകളും വണ്ടിയ്ക്കകവും എക്സ്റ്റ്രാ ക്ലീന്‍! പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയുമ്പോലെ ആകില്ല എന്ന് ആശിക്കാം.

നമ്മുടെ വണ്ടി പോകുന്നതിനപ്പുറത്തെ ട്രാക്കിലൂടെ എതിരേ വേറെ മെട്രോട്രെയിന് പോകുന്നത് കാണാം. അനക്കമില്ല, കുലുക്കമില്ല, ശബ്ദമില്ല. ഒരു ട്രെയിന്‍ ഒക്കെയാവുമ്പം മിനിമം ഒരു കുലുക്കമോ ഞരക്കമോ ഹോണടിയോ എങ്കിലും വേണമായിരുന്നു എന്ന് തോന്നും.

പ്ലാറ്റ്ഫോമില്‍ നമ്മളെ സഹായിക്കാന്‍ സന്നദ്ധരായ കസ്റ്റമര്‍ സെര്‍വീസ് സ്റ്റാഫ് ഇഷ്ടമ്പോലെയുണ്ട്. പിന്നെ സര്‍വീസ് ആരംഭിച്ച അന്ന് അറിയാതെ എമര്‍ജന്‍സി ലിവര്‍ പിടിച്ച് താഴ്ത്തിയ പലര്‍ക്കും താക്കിത് നല്‍കിയിരുന്നു. ഇനി അതില്‍ തൊട്ടാല്‍ രണ്ടായിരം ദിര്‍ഹംസ് (25000 രൂ) കൊടുക്കണം.

വണ്ടിയ്ക്കകത്തോ സ്റ്റേഷനിലോ പുകവലിച്ചാല്‍ 200 ദിര്‍ഹംസ് മാത്രം ഫൈന്‍ കൊടുത്താല്‍ മതി, വണ്ടിക്കകത്ത് ഭക്ഷണം കഴിച്ചാലും അത്ര കൊടുക്കേണ്ടിവരും.

ഏതായാലും ട്രാഫിക് ജാമില്‍ പൊറുതിമുട്ടിയിരുന്ന ദുബായ് നഗരത്തിന് മെട്രോ സര്‍വീസ് ഒരു ആശ്വാസവും മുതല്‍ക്കൂട്ടുമാണ്. നിത്യേന അന്‍പതിനായിരത്തോളം ആളുകള്‍ ഇതില്‍ സഞ്ചരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത്രയും വാഹനബാഹുല്യം റോഡില്‍ കുറഞ്ഞുകിട്ടിയത് ദുബായ് ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ സന്തോഷകരമായ കാര്യമാണ്.

വണ്ടിയുടെ വേഗതയില്‍ അന്ധാളിച്ച് ഇരിക്കുന്ന ഒരു ബാലനെ നോക്കൂ..
