Monday, February 11, 2008

ക്ലാസ്‌മേറ്റ്‌സ്‌ ഒന്നിച്ചനേരം...

ജനുവരി ഒരു ഓര്‍മയായി, മറയ്‌ക്കാന്‍ പറ്റാത്ത ഒരു ഓര്‍മ. പതിനേഴു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പടിയിറങ്ങിപോയതിനു ശേഷം വീണ്ടും കലാലയവാതില്‍ കടന്ന്‌ ഞങ്ങള്‍ - ക്ലാസ്‌മേറ്റ്‌സ്‌ - ഒരുമിച്ചു കൂടിയത്‌ ജനുവരി ഒടുവിലെ ശനിയാഴ്‌ചയായിരുന്നു. നിലമ്പൂരിനടുത്ത്‌ മമ്പാട്‌ എംഇഎസ്‌ കോളേജ്‌ വലിയ മാറ്റങ്ങളില്ലാതെ അതേപടി നിലകൊള്ളുന്നു.
ഒരുമിച്ച്‌ പഠിച്ചിരുന്ന പ്രിയംവദ (കലാതിലകം ലഭിച്ച പാട്ടുകാരിയും നര്‍ത്തകിയും), ജയന്തി (കുഞ്ഞുമൊത്ത്‌), ഷംല, റുക്‌സാന, സാബു, പ്രശാന്ത്‌, ഷഫീക്‌, യൂനസ്‌, നസീര്‍, ഗായകന്‍ സജീര്‍ എന്നിവരും ആര്‍ട്‌സ്‌ സെക്രട്ടറി ആയിരുന്ന സക്കീര്‍ഹുസൈന്‍ (ഈസ്‌റ്റേണ്‍ കറിമസാല നടത്തുന്നു), പണ്ടെന്നോ പഠിച്ചിരുന്ന പീവീ അബ്‌ദുല്‍ വഹാബ്‌ എംപി... തുടങ്ങി പലരും സന്നിഹിതരായിരുന്നു.

വീണ്ടും കാണുമ്പോള്‍ ഞങ്ങള്‍ക്ക്‌ സൗഹൃദം എവിടെ കോമ ഇട്ടുനിറുത്തിയോ അവിടം തൊട്ട്‌ തുടരാന്‍ വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. പതിനേഴ്‌ വര്‍ഷങ്ങള്‍ പോയതറിയാതെ, അത്രയും നീണ്ട ഇടവേള തോന്നിപ്പിക്കാതെ, ചില്ലറമാറ്റങ്ങള്‍ വന്ന കാമ്പസ്സിലൂടെ ഇത്തിരിമാറ്റങ്ങള്‍ വന്ന ഞങ്ങള്‍ കളിചിരിതമാശകള്‍ പറഞ്ഞങ്ങനെ നടന്നു.

പഴയ ക്യാന്‍റ്റീന്‍ കെട്ടിടം കാടുപിടിച്ച്‌ കിടക്കുന്നുണ്ട്‌. അവിടെയെത്തിയപ്പോള്‍ ഞങ്ങളില്‍ പലരും നെടുവീര്‍പ്പിട്ടു. പരിപ്പുവടയും, പഴംപൊരിയും, ബോണ്ടയും ചായകാപ്പിയും ഒരു നിമിഷം അകതാരിലോടിയെത്തി.

ഒപ്പമുള്ള നസീറാണ്‌ പ്രിയംവദയോട്‌ ഒരു കാര്യം പറഞ്ഞത്‌. ഞാന്‍ ബ്ലോഗര്‍ ആണെന്നും അവളും എന്റെ കഥയില്‍ നായികയായെന്നും ഒക്കെ..
http://eranadanpeople.blogspot.com/2007/08/blog-post_19.html ; അവള്‍ ഞെട്ടി വാപൊളിച്ചു. എടാ കൊച്ചുകള്ളാ എന്ന ചോദ്യഭാവത്തില്‍ നില്‍ക്കുന്ന പ്രിയംവദയെ നോക്കി ഞാനൊരു കള്ളച്ചിരിയോടെ നിന്നു.
പണ്ടെന്നും നടന്നിരുന്ന കോളേജ്‌ വരാന്തയിലൂടെ പിന്നീട്‌ ക്ലാസ്‌മേറ്റ്‌സ്‌ അലസഗമനം ചെയ്‌തു. പഠിച്ചിരുന്ന ക്ലാസ്‌ മുറിയുടെ ചാരിയിട്ടിരുന്ന വാതില്‍ തുറന്ന്‌ എല്ലാവരും അകത്ത്‌ പ്രവേശിച്ചു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരനുഭൂതി. തലയില്‍ വിദ്യുത്‌തരംഗസ്ഫുലിംഗം, പതിനേഴ്‌ വര്‍ഷം പിന്നോട്ട്‌ പോയി വിണ്ടും ചെന്നെത്തിയപോലെ.. അതേ ബെഞ്ചും ഡസ്‌കും..
പണ്ട്‌, ഇരുന്നിരുന്ന അതേ ബെഞ്ചിലതേയിടത്ത്‌ വിണ്ടുമിരുന്നു. ബോര്‍ഡില്‍ കുത്തിക്കുറിക്കാനൊരു പൂതി. താഴെ കിടന്ന ചോക്കെടുത്ത്‌ വിണ്ടും പലതും കുത്തിക്കുറിച്ചിട്ടു.
അന്നില്ലാതിരുന്ന പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തില്‍ എല്ലാവരും ഒത്തുകൂടി. ഗാനമേളയും മിമിക്രിയും മോണോ ആക്‍ടും ഒക്കെയായി വൈകുവോളം ക്ലാസ്‌മേറ്റ്‌സ്‌ കാമ്പസില്‍ ചിലവഴിച്ചു. പ്രിയംവദ ഒത്തിരി പാട്ടുകള്‍ കാതില്‍ തേന്‍മഴയായ്‌ ആലപിച്ചു. ഒപ്പം ഗായകന്‍ സജീറും ഒരുപിടി കിഷോര്‍ ഹിറ്റ്‌സ്‌ പാടി.


© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com