Sunday, February 21, 2010

റ്റോംസ് എന്ന കടുവയെ പിടിച്ച കിടുവ!

ലോകപ്രശസ്ത മലയാളീ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തന്നേക്കാളും പ്രശസ്ത-സൃഷ്ടികളായ ‘ബോബനും മോളിയും’ പരമ്പരയുടെ അന്‍പതാം വാര്‍ഷികത്തിന് ഈയ്യിടെ അബുദാബിയിലെത്തിയ നേരം.. പണ്ട് പണ്ട്, പള്ളിക്കൂടത്തില്‍ പോകുന്ന കാലം തൊട്ട് തര്‍ക്കുത്തരത്തിനും ഉരുളയ്ക്ക് ഉപ്പേരിക്കും കുസൃതികള്‍ക്കും പ്രചോദനമായിരുന്ന ബോബനും, മോളിയും, അവരുടെ പട്ടി, പിന്നെ.. മൊട്ട, അപ്പീഹിപ്പി, പ.പ്രസിഡന്റ്, ചേടത്തി, വക്കീല്‍, ഉപ്പായി മാപ്ല ഇവര്‍ക്കൊക്കെ ജന്മം നല്‍കിയ റ്റോംസിനെ നേരില്‍ കാണുവാന്‍ പൂതിയോടെ കഴിഞ്ഞതാണ്. ഒടുവില്‍ ആ മഹാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പരിചയപ്പെടുവാന്‍ എനിക്കും അവസരമൊത്തു.

 
സാക്ഷാല്‍ റ്റോംസിന്റെ കാരിക്കേച്ചര്‍ ചെയ്യുന്ന ഗോമ്പറ്റീഷനില്‍ ഞാനും കൂടി. മറവിയുടെ മാറാലക്കുരുക്കില്‍ കുരുങ്ങിപ്പോയ എന്നിലെ കാര്‍ട്ടൂണ്‍വര വര്‍ഷങ്ങള്‍ക്കു ശേഷം വന്നപ്പോള്‍, പേപ്പറില്‍ റ്റോംസ് പതിഞ്ഞു. ആ വരയെ വിലയിരുത്തിയ മഹാന്‍ കൈയ്യൊപ്പ് ചാര്‍ത്തി തോളില്‍ കൊട്ടിയിട്ട് പറഞ്ഞത് “കടുവയെ പിടിച്ച കിടുവ!!” എന്നത് വലിയൊരു പുരസ്കാരമായി ഞാന്‍ സ്വീകരിച്ചു.

പണ്ട്, ആ വരകളിലൂടെ സഞ്ചരിച്ച എന്റെ ബാല്യകാ‍ലത്ത്, കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ പയറ്റിക്കിട്ടിയ സോപ്പ് പെട്ടി, പെന്‍സില്‍, പെന്‍, സാക്ഷ്യപത്രം ഒക്കെ ലഭിക്കുവാനും ഭാഗ്യമുണ്ടായി. നാലാം തരം മുതല്‍ക്ക് തുടങ്ങിയ മത്സരം കാലിക്കറ്റ് സി-സോണിലെ രണ്ടാം സമ്മാനത്തില്‍ ചെന്നെത്തി അവസാനിപ്പിച്ചതാണ്.

Friday, February 5, 2010

ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??

ഇങ്ങനെ ഒരു സാധനം കണ്ടതായി ഓര്‍ക്കുന്നുവോ? ഇതില്‍ പണ്ട് കണ്ടിരുന്ന വിവാഹകാസറ്റ്, സിനിമ, മറ്റ് പലവിധ ‘ഷോ’കള്‍.. മറന്നുവോ?
ഇന്നത്തെ കാലത്ത് എത്ര സൈസുള്ളതും മില്യണ്‍ ഡോളര്‍ ചിലവുള്ളതുമായ പുത്തന്‍‌പടങ്ങളും പാട്ടുകളും ഒരു ചെറുവിരല്‍ പോലും സൈസ് ഇല്ലാത്ത ‘കുറ്റി’ (ഫ്ലാഷ് ഡ്രൈവ്)-യിലും ‘പപ്പട വട്ടവാഹിനി’ (ഡിവിഡി/സിഡി)-യിലും കൊണ്ടുനടക്കുന്ന തലമുറയ്ക്ക് ഇവനെ അറിയില്ല. ഇവനാണ് വീസിആര്‍ ഏലിയാസ് വീസീപി പ്ലെയര്‍!                                                                                                                                                                                                                                                                                               ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഇത് ഉള്ള വീടുകള്‍തോറും ആഴ്ചയില്‍ ഒരിക്കല്‍ ഒരുത്തന്‍ ഒരു പെട്ടി നിറയെ ഇതിലിട്ട് കാണാനുള്ള ഓലച്ചുരുളടങ്ങിയ കാസറ്റുകളുമായി വരുമായിരുന്നു. (മഞ്ചേരിയില്‍ നിന്നും നിലമ്പൂരിലേക്കാണ് കാസറ്റ് ചെങ്ങാതിയുടെ വരവ്). അന്ന്, അഞ്ചുരൂപ വാടകയ്ക്ക് ഒരു കാസറ്റ് ഒരാഴ്ചയ്ക്ക് കിട്ടും. ജയന്‍, നസീര്‍ മുതല്‍ക്ക് അന്നത്തെ പുതുതാരങ്ങള്‍ ആയി കസറിവന്ന മമ്മൂട്ടി, മോഹന്‍‌ലാല്‍, റഹ്മാന്‍, രോഹിണി, മാധവി സിനിമാ കാസറ്റുകള്‍ക്ക് വന്‍ ഡിമാന്‍സായിരുന്നു. കോളേജ് പിള്ളേരുള്ള വീടുകളില്‍ ഹോളിവുഡ്, ഹിന്ദി, തമിഴ് മസാലകളും ചിലവായിരുന്നു.                                                                                                                  എന്റെ വീട്ടില്‍ ഇല്ലാത്തതിനാല്‍ അയല്‍‌പക്കത്ത് പോയിട്ട് ഇതില്‍ കളിക്കുന്ന സിനിമകള്‍ കണ്ട് അന്തം വിട്ട് ഇരുന്ന് ഹരം കൊണ്ടതൊക്കെ മറക്കാനാവില്ല. അവിടെ എട്ട് പെണ്‍‌കുട്ടികളായിരുന്നു. അറിഞ്ഞോ അറിയാതെയോ എന്ന് ഇപ്പോഴും എനിക്കറിയില്ല! ഒരിക്കല്‍ ടൂറിംഗ് കാസറ്റ് ചെങ്ങാതി, ഏറ്റവും പുതിയ ഹോളിവുഡ്ഡ് ഹൊറര്‍ പടമാണെന്ന് പറഞ്ഞ് അവരെക്കൊണ്ട് ഒരു കാസറ്റ് എടുപ്പിച്ചു. അവന്‍ പൈസയും വാങ്ങി പോയ ഉടന്‍ എട്ട് പെണ്ണുങ്ങളും വള്ളിനിക്കറിട്ട പൊടിയന്‍ പയ്യനായ ഞാനും ആ കാസറ്റ് പ്ലേയറില്‍ ഇട്ട് പൊട്ടലും ചീറ്റലും വരുന്ന ‘സോണി‘ ബ്രാന്‍ഡ് ടീവിയില്‍ കണ്ണും നട്ടിരുന്നപ്പോള്‍...                                                                                                                            ഹൊറര്‍ രംഗത്തേക്കാളും ഭീബത്സമായ, തുണിയില്ലാത്ത ഒരു പെണ്ണും രണ്ടാണും കാണിക്കുന്ന വിക്രസ്സ്!! ഞാന്‍ മൂളിപ്പാട്ടും പാടി ഇറങ്ങിയോടി. എട്ട് പെണ്ണുങ്ങളിലാരോ ഓടിപ്പോയിട്ട് മെയിന്‍ സ്വിച്ച് ഓഫാക്കി കാസറ്റോടുന്നത് നിറുത്തലാക്കി. അടുത്തയാഴ്ച കാസറ്റ് ചെങ്ങാതി വരുമ്പോള്‍ വെച്ചിട്ടുണ്ടെന്നൊക്കെ അവര്‍ പറഞ്ഞത് കേട്ടു. എന്നാല്‍, പിന്നീട് വന്നത് വേറെ യുവാവ് ആയിരുന്നു!                                                                                                                                    ഇതൊക്കെ ഇപ്പോള്‍ ഓര്‍മ്മയുടെ അറയില്‍ തെളിഞ്ഞത് ഈയ്യിടെ ഈ പുരാതന സാധനത്തെ പൊടിപിടിച്ച നിലയില്‍ അബുദാബിയിലെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടപ്പോഴാണ്.

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com