Sunday, August 15, 2010

സിനിമ മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന വേദി.


സിനിമയുടെ പിന്നാമ്പുറ കഥകള്‍ പലപ്പോഴും പോളിഷ് ചെയ്താണ് മുന്നിലെത്തുന്നതെന്നും എന്നാല്‍, കലകളില്‍ ഇത്രയേറെ മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന മറ്റൊരു വേദി ഇല്ലെന്നും ചെറുകഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ഏറനാടന്‍ എന്ന പേരില്‍ ബ്ലോഗ്‌ രചന നടത്തുന്ന സാലിഹ് കല്ലടയുടെ 'ഒരു സിനിമാ ഡയറിക്കുറിപ്പ്' എന്ന പുസ്തകം കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് എഡിറ്റര്‍ ഡോ. അസീസ്‌ തരുവണയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്നും ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്ന സ്ഥലമാണ് സിനിമയുടെ പിന്നാമ്പുറം. അവിടെ ഭക്ഷണം പോലും നാല് തരത്തിലാണ് പാചകം ചെയ്യുന്നതെന്നും ശിഹാബ്‌ കൂട്ടിച്ചേര്‍ത്തു.

ബ്ലോഗ്‌ ലോകതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹിത്യരൂപമാണെന്നും ഗള്‍ഫ്‌ ജീവിതം ഇന്ന് ഏറ്റവും കൂടുതല്‍ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ബ്ലോഗിലൂടെ ആണെന്നും ഡോ. അസീസ്‌ തരുവണ അഭിപ്രായപ്പെട്ടു. ബ്ലോഗ്‌ സാഹിത്യത്തിലെ പുതിയൊരു ധാരയാണ്. മലയാള സാഹിത്യ ചരിത്രത്തെ കുറിച്ച് കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഒരു ഗ്രന്ഥം തയ്യാറാക്കുന്നുണ്ടെന്നും അതില്‍ ബ്ലോഗ്‌ സാഹിത്യത്തെക്കുറിച്ച് ഒരു അദ്ധ്യായം ഉള്‍പ്പെടുത്തുമെന്നും അസീസ്‌ തരുവണ പറഞ്ഞു. ഇറാഖ്‌ യുദ്ധകാലത്ത്‌ പ്രമുഖ പത്രപ്രവര്‍ത്തകനായ സലാം ബക്സ് ബ്ലോഗിലൂടെയും ലബനോന്‍ യുദ്ധകാലത്ത് മറ്റൊരു ബ്ലോഗറായ ഒരു പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളിലൂടെയും ആയിരുന്നു വാര്‍ത്തകള്‍ സത്യസന്ധമായി ലഭിച്ചുകൊണ്ടിരുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

സഫറുള്ള പാലപ്പെട്ടി പുസ്തകം സദസ്സിനു പരിചയപ്പെടുത്തി. കേരള സോഷ്യല്‍ സെന്റര്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.എം. അബ്ബാസ്‌ സംസാരിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട്‌ സ്വാഗതവും ജോ.സെക്രട്ടറി എ.എല്‍.സിയാദ്‌ നന്ദിയും പറഞ്ഞു.

ബ്ലോഗ്‌ രംഗത്തെ പ്രമുഖരായ കൈതമുള്ള്, ചന്ദ്രകാന്തം, ബിന്ദു കെ.പി എന്നിവര്‍ കുടുംബസമേതവും, എരകപ്പുല്ല്, എടക്കാടന്‍, വഴിപോക്കന്‍, ഇസ്കന്ദര്‍ മിര്‍സ എന്നിവരും സന്നിഹിതരായിരുന്നു.

Wednesday, August 11, 2010

പ്രകാശിതപൂരിതം.


(സിറാജ് പത്രത്തില്‍ വന്നത്)


'ഒരു സിനിമാ ഡയറിക്കുറിപ്പ്' ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് Dr. അസീസ്‌ തരുവണക്ക് നല്‍കി പ്രകാശനം ചെയ്തപ്പോള്‍. സമീപം (ഇടത്ത് നിന്ന്) കെ.എസ്.സി. ജ.സെക്ര. ബക്കര്‍ കണ്ണപുരം, സിറാജ് പത്രാധിപര്‍ കെ.എം.അബ്ബാസ്‌, അങ്ങേയറ്റം മാധ്യമം റിപ്പോര്‍ട്ടര്‍ സഫറുള്ള പാലപ്പെട്ടി.കെ.എസ്.സി. ചുമര്‍ മാസികയായ 'ജാലകം' പ്രകാശനം ചെയ്ത Dr. അസീസ്‌ തരുവണയുടെ (കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് എഡിറ്റര്‍) ഒപ്പം നില്‍ക്കുന്നത്‌ ബ്ലോഗര്‍ കൈതമുള്ള്, മാധ്യമം റിപ്പോര്‍ട്ടര്‍ സഫറുള്ള പാലപ്പെട്ടി, കെ.എസ്.സി. സാഹിത്യ വിഭാഗം സെക്ര. അയൂബ് കടല്‍മാട്‌, കവി അസ്മോ പുത്തന്‍ചിറ, പേരറിയാ 'അനോണി'!


(സന്നിഹിതരായിരുന്ന മറ്റ് പ്രമുഖ ബ്ലോഗ്‌ പുലികളായ വഴിപോക്കന്‍, എരകപ്പുല്ല്, എടക്കാടന്‍, ഇസ്കന്ദര്‍ മിര്‍സ, ബിന്ദു കെ.പി, ചന്ദ്രകാന്തം ഫാമിലി എന്നിവര്‍ ക്യാമറയുടെ പിറകില്‍ നില്പുണ്ടായിരുന്നു.)


അവരുടെ പടങ്ങള്‍ ഉടനിടാം..

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com