Saturday, December 11, 2010

നാടും വീടും വിട്ട്..

ഒരിക്കലും മറക്കാനാവാത്ത സ്മരണകളുമായി 

നാട്ടീന്നും വിട്ടു ഞാന്‍
വീണ്ടും മണലാരണ്യത്തിലെ 
എന്‍റെ കൊച്ചുമുറിയില്‍ ഇന്നെത്തി; 
അടുത്ത അവധിക്കാലം കാത്തുകൊണ്ട്...

(നാട്ടിലെ പച്ചപ്പ്‌ കാണും ജാലക കാഴ്ചകള്‍ )

Wednesday, November 17, 2010

ത്രീ ജീനിയസ്സ് സഹോദരങ്ങള്‍

ത്രീ ജീനിയസ്സ് സഹോദരങ്ങള്‍ക്ക്‌  2002 സെപ്റ്റംബര്‍ തൊട്ട്  2010 നവംബര്‍ വരെ ഉള്ള ഗ്യാപ്പില്‍ രൂപത്തിന് വന്ന വലിയ മാറ്റം കാണുവിന്‍ നാട്ടാരേ..


പടച്ച തമ്പുരാന്‍ ഇനിയും ഇതേ പോസില്‍ ഒരു പടം നാല്‍പത്‌ വര്‍ഷങ്ങള്‍ക്ക് ശേഷവും എടുക്കുവാന്‍ ഉള്ള അവസരം നല്‍കട്ടെ എന്ന അത്യാഗ്രഹത്തോടെ....

എന്റെ വലതന്‍  :   ഏട്ടന്‍ സലീല്‍ (എഞ്ചിനീയര്‍ )
നടുക്കടലില്‍ :  ഏറനാടന്‍ (ഇഞ്ചിനീര് )
എന്‍റെ ഇടതന്‍ :    അനിയന്‍ സാദിഖ്‌  (പ്രോഗ്രാമര്‍ )

Wednesday, September 22, 2010

ഞങ്ങളും ജീവിച്ചിരുന്നു.


ഞങ്ങള്‍ക്ക്‌ അന്ന് നിങ്ങളെപ്പോലെ
മജ്ജയും മാംസവും മനസ്സും
ഉണ്ടായിരുന്നു.
പടച്ചവന്‍ തിരികെ വിളിച്ചപ്പോള്‍
അവ മണ്ണില്‍ ഉപേക്ഷിച്ച്
പോവേണ്ടി വന്നു.
ഞങ്ങള്‍ ഭൂമിയില്‍
ജീവിച്ചിരുന്നു എന്നതിന്
തെളിവിനായ്‌
നിങ്ങള്‍ക്കായ്‌
ഞങ്ങളുടെ ചട്ടക്കൂട് മാത്രം
ബാക്കിവെച്ചു.
നിങ്ങളത്‌ കാഴ്ചക്കായ്‌
എടുത്തും വെച്ചു.
ഓര്‍ക്കുക നിങ്ങളും
ഒരു നാള്‍ പോവേണ്ടി വരും.

Sunday, September 5, 2010

അബുദാബിയിലെ ഇഫ്താര്‍ വിരുന്ന്‍ വിശേഷം.


അബുദാബി ഷേക്ക്‌ സായിദ്‌ പള്ളിയില്‍ ഇപ്രാവശ്യം അഞ്ചര ലക്ഷം ആളുകള്‍ നോമ്പുതുറ സല്‍ക്കാരത്തില്‍ പങ്കെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. ജാതി മതം നോക്കാതെ സര്‍വരെയും സ്വീകരിച്ച് ഇരുത്തി ഭക്ഷണം തരുവാന്‍ അഞ്ഞൂറോളം വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു. ആര്‍മി വകുപ്പ്‌ ആണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നത്. (ചിക്കന്‍, മട്ടന്‍, ഒട്ടകം ബിരിയാണി, ജ്യൂസ്, പഴവര്‍ഗങ്ങള്‍, ഈത്തപ്പഴം, സലാഡ്‌ എന്നിവയുടെ വലിയ കിറ്റ്‌ ഓരോരുത്തര്‍ക്കും)



നാല്പതോളം രാജ്യങ്ങളിലെ നാലായിരത്തി ഇരുന്നോറോളം തൊഴിലാളികള്‍ അധ്വാനിച്ച് പടുത്തുയര്‍ത്തിയ ഷേക്ക്‌ സായിദ്‌ പള്ളി ജാതിമതഭേതമെന്യേ ലോകര്‍ സന്ദര്‍ശിച്ച് പോരുന്നു. മനോഹരമായ നിര്‍മ്മിതി ആരെയും അവിടെ പിടിച്ച് നിറുത്തും. യു ഏ ഇയുടെ ശില്പി എന്നറിയപ്പെടുന്ന ഷേക്ക്‌ സായിദിന്റെ മഖ്ബറ (അന്ത്യവിശ്രമ കുടീരം) ഇവിടെയാണ്‌.



ആയിരങ്ങളായ അനോണികള്‍ക്ക്‌ ഇടയില്‍ ആരോരുമറിയാതെ ഏറനാടനും അനുജനും ഇരിക്കുന്നു.

Sunday, August 15, 2010

സിനിമ മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന വേദി.


സിനിമയുടെ പിന്നാമ്പുറ കഥകള്‍ പലപ്പോഴും പോളിഷ് ചെയ്താണ് മുന്നിലെത്തുന്നതെന്നും എന്നാല്‍, കലകളില്‍ ഇത്രയേറെ മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന മറ്റൊരു വേദി ഇല്ലെന്നും ചെറുകഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ഏറനാടന്‍ എന്ന പേരില്‍ ബ്ലോഗ്‌ രചന നടത്തുന്ന സാലിഹ് കല്ലടയുടെ 'ഒരു സിനിമാ ഡയറിക്കുറിപ്പ്' എന്ന പുസ്തകം കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് എഡിറ്റര്‍ ഡോ. അസീസ്‌ തരുവണയ്ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്നും ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്ന സ്ഥലമാണ് സിനിമയുടെ പിന്നാമ്പുറം. അവിടെ ഭക്ഷണം പോലും നാല് തരത്തിലാണ് പാചകം ചെയ്യുന്നതെന്നും ശിഹാബ്‌ കൂട്ടിച്ചേര്‍ത്തു.

ബ്ലോഗ്‌ ലോകതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹിത്യരൂപമാണെന്നും ഗള്‍ഫ്‌ ജീവിതം ഇന്ന് ഏറ്റവും കൂടുതല്‍ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ബ്ലോഗിലൂടെ ആണെന്നും ഡോ. അസീസ്‌ തരുവണ അഭിപ്രായപ്പെട്ടു. ബ്ലോഗ്‌ സാഹിത്യത്തിലെ പുതിയൊരു ധാരയാണ്. മലയാള സാഹിത്യ ചരിത്രത്തെ കുറിച്ച് കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഒരു ഗ്രന്ഥം തയ്യാറാക്കുന്നുണ്ടെന്നും അതില്‍ ബ്ലോഗ്‌ സാഹിത്യത്തെക്കുറിച്ച് ഒരു അദ്ധ്യായം ഉള്‍പ്പെടുത്തുമെന്നും അസീസ്‌ തരുവണ പറഞ്ഞു. ഇറാഖ്‌ യുദ്ധകാലത്ത്‌ പ്രമുഖ പത്രപ്രവര്‍ത്തകനായ സലാം ബക്സ് ബ്ലോഗിലൂടെയും ലബനോന്‍ യുദ്ധകാലത്ത് മറ്റൊരു ബ്ലോഗറായ ഒരു പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളിലൂടെയും ആയിരുന്നു വാര്‍ത്തകള്‍ സത്യസന്ധമായി ലഭിച്ചുകൊണ്ടിരുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.

സഫറുള്ള പാലപ്പെട്ടി പുസ്തകം സദസ്സിനു പരിചയപ്പെടുത്തി. കേരള സോഷ്യല്‍ സെന്റര്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.എം. അബ്ബാസ്‌ സംസാരിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട്‌ സ്വാഗതവും ജോ.സെക്രട്ടറി എ.എല്‍.സിയാദ്‌ നന്ദിയും പറഞ്ഞു.

ബ്ലോഗ്‌ രംഗത്തെ പ്രമുഖരായ കൈതമുള്ള്, ചന്ദ്രകാന്തം, ബിന്ദു കെ.പി എന്നിവര്‍ കുടുംബസമേതവും, എരകപ്പുല്ല്, എടക്കാടന്‍, വഴിപോക്കന്‍, ഇസ്കന്ദര്‍ മിര്‍സ എന്നിവരും സന്നിഹിതരായിരുന്നു.

Wednesday, August 11, 2010

പ്രകാശിതപൂരിതം.


(സിറാജ് പത്രത്തില്‍ വന്നത്)


'ഒരു സിനിമാ ഡയറിക്കുറിപ്പ്' ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് Dr. അസീസ്‌ തരുവണക്ക് നല്‍കി പ്രകാശനം ചെയ്തപ്പോള്‍. സമീപം (ഇടത്ത് നിന്ന്) കെ.എസ്.സി. ജ.സെക്ര. ബക്കര്‍ കണ്ണപുരം, സിറാജ് പത്രാധിപര്‍ കെ.എം.അബ്ബാസ്‌, അങ്ങേയറ്റം മാധ്യമം റിപ്പോര്‍ട്ടര്‍ സഫറുള്ള പാലപ്പെട്ടി.



കെ.എസ്.സി. ചുമര്‍ മാസികയായ 'ജാലകം' പ്രകാശനം ചെയ്ത Dr. അസീസ്‌ തരുവണയുടെ (കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് എഡിറ്റര്‍) ഒപ്പം നില്‍ക്കുന്നത്‌ ബ്ലോഗര്‍ കൈതമുള്ള്, മാധ്യമം റിപ്പോര്‍ട്ടര്‍ സഫറുള്ള പാലപ്പെട്ടി, കെ.എസ്.സി. സാഹിത്യ വിഭാഗം സെക്ര. അയൂബ് കടല്‍മാട്‌, കവി അസ്മോ പുത്തന്‍ചിറ, പേരറിയാ 'അനോണി'!


(സന്നിഹിതരായിരുന്ന മറ്റ് പ്രമുഖ ബ്ലോഗ്‌ പുലികളായ വഴിപോക്കന്‍, എരകപ്പുല്ല്, എടക്കാടന്‍, ഇസ്കന്ദര്‍ മിര്‍സ, ബിന്ദു കെ.പി, ചന്ദ്രകാന്തം ഫാമിലി എന്നിവര്‍ ക്യാമറയുടെ പിറകില്‍ നില്പുണ്ടായിരുന്നു.)


അവരുടെ പടങ്ങള്‍ ഉടനിടാം..

Sunday, July 11, 2010

ഏകദിന സാഹിത്യ ശില്‍പശാല

അബുദാബി:  കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ്‌ ആറിന് ഏകദിന സാഹിത്യ ശില്‍പശാല സംഘടിപ്പിക്കുന്നു. കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ടിലെ ഡോ. അസീസ്‌ തരുവണ, കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്‌ ജേതാക്കളായ ബെന്യാമിന്‍, ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ്‌, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌ ഏറണാകുളം ജില്ലാ കമ്മിറ്റി അംഗം ടി.ആര്‍. സുകുമാരന്‍, ബാലസംഘം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഗണേഷ്‌ എന്നിവര്‍ നയിക്കുന്ന ശില്പശാലയില്‍ നോവല്‍, കഥ, കവിത എന്നീ സാഹിത്യ ശാഖകള്‍ ചര്‍ച്ച ചെയ്യപ്പെടും.

ശില്‍പശാലയില്‍ ഉരുത്തിരിയുന്ന സൃഷ്‌ടികള്‍ സെന്‍റര്‍ മുഖപ്രസിദ്ധീകരണമായ 'പ്രവാസി'യില്‍ പ്രസിദ്ധീകരിക്കും. യു.ഏ.ഇയിലെ നിരവധി എഴുത്തുകാര്‍ സംബന്ധിക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 02 6314455 /   050 6999783  /   055 6999783 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട്‌ അറിയിച്ചു.

അന്നേദിവസം എന്റെ പ്രഥമ  പുസ്തകം "ഒരു സിനിമാ ഡയറിക്കുറിപ്പ്" പ്രകാശനവും ഉണ്ടായിരിക്കുന്നതാണ്. ഈ മഹനീയ മുഹൂര്‍ത്തത്തിലേക്ക്‌ ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. നേരില്‍ കാണാമെന്ന ശുഭപ്രതീക്ഷയോടെ..

സ്നേഹപൂര്‍വ്വം,

Thursday, July 1, 2010

മല്‍സര ചിത്രം.


മൂന്ന്‍ പ്രസിദ്ധ ബൂലോകര്‍ പ്രവര്‍ത്തിക്കുന്ന പുതിയ ടെലിഫിലിം ഒരാഴ്ച കൊണ്ട് ഷൂട്ടും എഡിറ്റിംഗും ഡബ്ബിംഗും പൂര്‍ത്തിയാക്കി. (മല്‍സര ചിത്രം ആയതിനാല്‍ തല്‍ക്കാലം പേരും കഥയും രഹസ്യമാക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.)

ഫോട്ടോയില്‍ വലത്തു നിന്നും
ചിത്രസംയോജകന്‍ മുജീബ്‌ കുമരനെല്ലൂര്‍,
നായകന്‍ ഏറനാടന്‍,
നിര്‍മ്മാതാവ് ഷെരീഫ്‌ മാന്നാര്‍,
നായിക അനന്തലക്ഷ്മി ഷെരീഫ്‌,
സഹസംവിധായിക അച്ചു പതിക്കല്‍,
രചന-സംവിധായകന്‍ ഇസ്കന്തര്‍ മിര്‍സ,
ക്യാമറാമാന്‍+വില്ലന്‍ ഹനീഫ്‌ കുമരനെല്ലൂര്‍,
മാസ്റ്റര്‍ ആസാദ്‌ അപ്പു.

അബുദാബി മലയാളി സമാജം ഹ്രസ്വചിത്ര മല്‍സരത്തില്‍ പൊതുജനങ്ങള്‍ക്ക്‌ മുന്നില്‍ ഇത് പ്രദര്‍ശിപ്പിക്കുന്നു. ഈ മാസം പതിനഞ്ചിനായിരിക്കും.

പ്രോത്സാഹനങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാവുമല്ലോ..

Tuesday, June 29, 2010

ഒരു ക്ലിക്ക്‌!

നായകനും വില്ലനും സംവിധായകനും ഒരു ക്ലിക്കില്‍ പെട്ടപ്പോള്‍!


അങ്ങേ അറ്റം ചിരിച്ചു നില്‍ക്കുന്നത്‌ തുമ്പോളി കടപ്പുറത്ത്‌ സില്‍ക്ക്‌ സ്മിതയെ മുതല്‍ കളിയാട്ടത്തില്‍ മഞ്ജു വാരിയരെ വരെ ഡയലോഗ് പ്രോമ്റ്റ്‌ ചെയ്ത അന്നത്തെ സഹസംവിധായകന്‍ ഇസ്കന്തര്‍ മിര്‍സ.
(പുതുമുഖമായ ഒരു ബ്ലോഗനാണ്)

താടിക്കാരന്‍ - മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്ന കോമഡി വില്ലന്‍ ഹനീഫ്‌ കുമരനെല്ലൂര്‍, അമിതാഭ് ബച്ചനും മോഹന്‍ ലാലും ഹനീഫിനോപ്പം മേജര്‍ രവിയുടെ 'കാണ്ടഹാര്‍' എന്ന സിനിമയില്‍ അഭിനയിക്കുന്നു. :)

ഇങ്ങേ അറ്റം: ഉമ്മര്‍ ഭായ്‌ - കാമറ സഹായി.

ഇസ്കന്തര്‍ മിര്‍സ രചിച്ച് സംവിധാനിക്കുന്ന പുതിയ ടെലിഫിലിമില്‍ നായകനായ ഒരു ബ്ലോഗനൊപ്പം ഇവര്‍ ക്ലിക്കില്‍ പെട്ടപ്പോള്‍..!

Sunday, April 4, 2010

എത്തിസലാത്ത്‌ പരസ്യത്തില്‍ എത്തി!!

എത്തിസലാത്ത്‌ വാര്‍ഷിക റിപ്പോര്‍ട്ട്-2009-ല്‍ എത്തി!

പേജ് 20 & 31 താളുകളില്‍ കമ്പനിക്ക്‌ കണ്ണേര്‍ തട്ടാതിരിക്കാന്‍
കറുപ്പന്‍ ആയ ഒരു ഏറനാടന്‍
കോലം കെട്ടി പടം ആക്കപ്പെട്ടു കിടക്കുന്നു!! ദേ ഇങ്ങിനെ ഇതുമാതിരി...=


Sunday, February 21, 2010

റ്റോംസ് എന്ന കടുവയെ പിടിച്ച കിടുവ!

ലോകപ്രശസ്ത മലയാളീ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തന്നേക്കാളും പ്രശസ്ത-സൃഷ്ടികളായ ‘ബോബനും മോളിയും’ പരമ്പരയുടെ അന്‍പതാം വാര്‍ഷികത്തിന് ഈയ്യിടെ അബുദാബിയിലെത്തിയ നേരം.. പണ്ട് പണ്ട്, പള്ളിക്കൂടത്തില്‍ പോകുന്ന കാലം തൊട്ട് തര്‍ക്കുത്തരത്തിനും ഉരുളയ്ക്ക് ഉപ്പേരിക്കും കുസൃതികള്‍ക്കും പ്രചോദനമായിരുന്ന ബോബനും, മോളിയും, അവരുടെ പട്ടി, പിന്നെ.. മൊട്ട, അപ്പീഹിപ്പി, പ.പ്രസിഡന്റ്, ചേടത്തി, വക്കീല്‍, ഉപ്പായി മാപ്ല ഇവര്‍ക്കൊക്കെ ജന്മം നല്‍കിയ റ്റോംസിനെ നേരില്‍ കാണുവാന്‍ പൂതിയോടെ കഴിഞ്ഞതാണ്. ഒടുവില്‍ ആ മഹാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പരിചയപ്പെടുവാന്‍ എനിക്കും അവസരമൊത്തു.

 
സാക്ഷാല്‍ റ്റോംസിന്റെ കാരിക്കേച്ചര്‍ ചെയ്യുന്ന ഗോമ്പറ്റീഷനില്‍ ഞാനും കൂടി. മറവിയുടെ മാറാലക്കുരുക്കില്‍ കുരുങ്ങിപ്പോയ എന്നിലെ കാര്‍ട്ടൂണ്‍വര വര്‍ഷങ്ങള്‍ക്കു ശേഷം വന്നപ്പോള്‍, പേപ്പറില്‍ റ്റോംസ് പതിഞ്ഞു. ആ വരയെ വിലയിരുത്തിയ മഹാന്‍ കൈയ്യൊപ്പ് ചാര്‍ത്തി തോളില്‍ കൊട്ടിയിട്ട് പറഞ്ഞത് “കടുവയെ പിടിച്ച കിടുവ!!” എന്നത് വലിയൊരു പുരസ്കാരമായി ഞാന്‍ സ്വീകരിച്ചു.

പണ്ട്, ആ വരകളിലൂടെ സഞ്ചരിച്ച എന്റെ ബാല്യകാ‍ലത്ത്, കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ പയറ്റിക്കിട്ടിയ സോപ്പ് പെട്ടി, പെന്‍സില്‍, പെന്‍, സാക്ഷ്യപത്രം ഒക്കെ ലഭിക്കുവാനും ഭാഗ്യമുണ്ടായി. നാലാം തരം മുതല്‍ക്ക് തുടങ്ങിയ മത്സരം കാലിക്കറ്റ് സി-സോണിലെ രണ്ടാം സമ്മാനത്തില്‍ ചെന്നെത്തി അവസാനിപ്പിച്ചതാണ്.

Friday, February 5, 2010

ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??

ഇങ്ങനെ ഒരു സാധനം കണ്ടതായി ഓര്‍ക്കുന്നുവോ? ഇതില്‍ പണ്ട് കണ്ടിരുന്ന വിവാഹകാസറ്റ്, സിനിമ, മറ്റ് പലവിധ ‘ഷോ’കള്‍.. മറന്നുവോ?
ഇന്നത്തെ കാലത്ത് എത്ര സൈസുള്ളതും മില്യണ്‍ ഡോളര്‍ ചിലവുള്ളതുമായ പുത്തന്‍‌പടങ്ങളും പാട്ടുകളും ഒരു ചെറുവിരല്‍ പോലും സൈസ് ഇല്ലാത്ത ‘കുറ്റി’ (ഫ്ലാഷ് ഡ്രൈവ്)-യിലും ‘പപ്പട വട്ടവാഹിനി’ (ഡിവിഡി/സിഡി)-യിലും കൊണ്ടുനടക്കുന്ന തലമുറയ്ക്ക് ഇവനെ അറിയില്ല. ഇവനാണ് വീസിആര്‍ ഏലിയാസ് വീസീപി പ്ലെയര്‍!                                                                                                                                                                                                                                                                                               ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഇത് ഉള്ള വീടുകള്‍തോറും ആഴ്ചയില്‍ ഒരിക്കല്‍ ഒരുത്തന്‍ ഒരു പെട്ടി നിറയെ ഇതിലിട്ട് കാണാനുള്ള ഓലച്ചുരുളടങ്ങിയ കാസറ്റുകളുമായി വരുമായിരുന്നു. (മഞ്ചേരിയില്‍ നിന്നും നിലമ്പൂരിലേക്കാണ് കാസറ്റ് ചെങ്ങാതിയുടെ വരവ്). അന്ന്, അഞ്ചുരൂപ വാടകയ്ക്ക് ഒരു കാസറ്റ് ഒരാഴ്ചയ്ക്ക് കിട്ടും. ജയന്‍, നസീര്‍ മുതല്‍ക്ക് അന്നത്തെ പുതുതാരങ്ങള്‍ ആയി കസറിവന്ന മമ്മൂട്ടി, മോഹന്‍‌ലാല്‍, റഹ്മാന്‍, രോഹിണി, മാധവി സിനിമാ കാസറ്റുകള്‍ക്ക് വന്‍ ഡിമാന്‍സായിരുന്നു. കോളേജ് പിള്ളേരുള്ള വീടുകളില്‍ ഹോളിവുഡ്, ഹിന്ദി, തമിഴ് മസാലകളും ചിലവായിരുന്നു.                                                                                                                  എന്റെ വീട്ടില്‍ ഇല്ലാത്തതിനാല്‍ അയല്‍‌പക്കത്ത് പോയിട്ട് ഇതില്‍ കളിക്കുന്ന സിനിമകള്‍ കണ്ട് അന്തം വിട്ട് ഇരുന്ന് ഹരം കൊണ്ടതൊക്കെ മറക്കാനാവില്ല. അവിടെ എട്ട് പെണ്‍‌കുട്ടികളായിരുന്നു. അറിഞ്ഞോ അറിയാതെയോ എന്ന് ഇപ്പോഴും എനിക്കറിയില്ല! ഒരിക്കല്‍ ടൂറിംഗ് കാസറ്റ് ചെങ്ങാതി, ഏറ്റവും പുതിയ ഹോളിവുഡ്ഡ് ഹൊറര്‍ പടമാണെന്ന് പറഞ്ഞ് അവരെക്കൊണ്ട് ഒരു കാസറ്റ് എടുപ്പിച്ചു. അവന്‍ പൈസയും വാങ്ങി പോയ ഉടന്‍ എട്ട് പെണ്ണുങ്ങളും വള്ളിനിക്കറിട്ട പൊടിയന്‍ പയ്യനായ ഞാനും ആ കാസറ്റ് പ്ലേയറില്‍ ഇട്ട് പൊട്ടലും ചീറ്റലും വരുന്ന ‘സോണി‘ ബ്രാന്‍ഡ് ടീവിയില്‍ കണ്ണും നട്ടിരുന്നപ്പോള്‍...                                                                                                                            ഹൊറര്‍ രംഗത്തേക്കാളും ഭീബത്സമായ, തുണിയില്ലാത്ത ഒരു പെണ്ണും രണ്ടാണും കാണിക്കുന്ന വിക്രസ്സ്!! ഞാന്‍ മൂളിപ്പാട്ടും പാടി ഇറങ്ങിയോടി. എട്ട് പെണ്ണുങ്ങളിലാരോ ഓടിപ്പോയിട്ട് മെയിന്‍ സ്വിച്ച് ഓഫാക്കി കാസറ്റോടുന്നത് നിറുത്തലാക്കി. അടുത്തയാഴ്ച കാസറ്റ് ചെങ്ങാതി വരുമ്പോള്‍ വെച്ചിട്ടുണ്ടെന്നൊക്കെ അവര്‍ പറഞ്ഞത് കേട്ടു. എന്നാല്‍, പിന്നീട് വന്നത് വേറെ യുവാവ് ആയിരുന്നു!                                                                                                                                    ഇതൊക്കെ ഇപ്പോള്‍ ഓര്‍മ്മയുടെ അറയില്‍ തെളിഞ്ഞത് ഈയ്യിടെ ഈ പുരാതന സാധനത്തെ പൊടിപിടിച്ച നിലയില്‍ അബുദാബിയിലെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടപ്പോഴാണ്.

Saturday, January 16, 2010

സാമ്പത്തിക മാന്ദ്യകാലത്തെ നേര്‍ക്കാഴ്ചകള്‍!

സാമ്പത്തിക മാന്ദ്യകാലത്തെ പ്രവാസമണ്ണില്‍ നിന്നും ഒപ്പിയെടുത്ത വ്യത്യസ്ത ഷോട്ടുകള്‍..

പണിയില്ലാത്ത പട്ടാണിയുടെ മീന്‍‌പിടുത്തം. (ഒരു കടലോളം വെള്ളം ഉണ്ടായിട്ടും പുറം തിരിഞ്ഞിരുന്ന് കരയിലെ മീന്‍ പിടിക്കുന്നത് ഒരു പട്ടാണി സ്റ്റൈല്‍!)


ഓട്ടം നിറുത്തിയ ടാക്സി കാറിന്റെ മുകളില്‍ നല്ല മീന്‍ കൂട്ടിയ കാലമോര്‍ത്ത് മയങ്ങുന്ന മെലിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാടന്‍‌പൂച്ച!



ദൈനംദിന പണികളില്‍ നിന്നും ‘ഫ്രീ‘ ആയവര്‍ ചാനലുകാരുടെ ഫ്ലാഷ് ന്യൂസ് കണ്ടും കേട്ടും ചുമ്മാ ഇരിക്കുന്നു..



പണ്ട്, നാട്ടിന്‍പുറങ്ങളിലെ വായനശാലകളിലും റിക്രിയേഷന്‍ ക്ലബുകളിലും തൊഴില്‍‌രഹിതരായവര്‍ (ഞാനും അടക്കം) ഇങ്ങനെ ടിവിപ്പെട്ടിക്ക് മുന്നില്‍ ഇരുന്ന കാലം ഇവിടെ പ്രവാസമണ്ണിലും പുനരാവിഷ്കരിക്കപ്പെട്ടപ്പോള്‍ സത്യായിട്ടും അന്ത:രംഗത്തിലാരോ വിസില്‍ ഊതുമ്പോലെ..

Friday, January 1, 2010

ഷാർജായിലെ ഈ ഹാൾ ഏതാണ്?


ഷാർജയിലെ ടൌൺഹാൾ (ഇതിന്റെ ശരിപ്പേർ മറന്നുപോയി.)


ഷാർജായിലെ ഈ ഹാളിന്റെ പേർ അറിയുമെങ്കിൽ ഒന്ന് അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com