Showing posts with label ചിത്രങ്ങള്‍. Show all posts
Showing posts with label ചിത്രങ്ങള്‍. Show all posts

Wednesday, March 21, 2012

മാതൃദിനത്തില്‍ എന്റെ ഉമ്മ.

 



എന്റെ ഉമ്മയെ ഞങ്ങള്‍ ആറുമക്കള്‍ 'മമ്മി' എന്ന് വിളിച്ച് ശീലിച്ചുപോയി. 'ഉമ്മ' എന്ന് വിളിക്കാന്‍ തോന്നാറുണ്ടെങ്കിലും ഇനിയൊരു സുപ്രഭാതത്തില്‍ അങ്ങനെ വിളിച്ചുതുടങ്ങാന്‍ ഒരു ബുദ്ധിമുട്ട് തോന്നുന്നു. 

ഞങ്ങളുടെ മമ്മിയാണ് കുട്ടിക്കാലത്ത്‌ ഞങ്ങള്‍ക്ക്‌ കണക്കും സയന്‍സും ഇംഗ്ലീഷും പഠിപ്പിച്ച് തന്നത്. അറുപതുകളില്‍ എസ്.എസ്.എല്‍ സി-ക്ക് ഫസ്റ്റ് ക്ലാസ്സും ഫാറൂക്ക് കോളേജില്‍ നിന്നും പ്രീഡിഗ്രിക്ക് ഉയര്‍ന്ന മാര്‍ക്കും കിട്ടിയ മമ്മിക്ക് സാധിക്കാതെ പോയ ഡോക്ടര്‍ സ്വപ്നം മമ്മിയുടെ ഇരട്ടക്കുട്ടികള്‍ക്ക് സാധിച്ചു. അവരെ ഡോക്ടര്‍ ആക്കുവാന്‍ അവരുടെ കുഞ്ഞുനാള്‍ തൊട്ടേ ലക്‌ഷ്യം വെപ്പിച്ചു പഠിപ്പിച്ചു. അവര്‍ വാക്ക്‌ പാലിച്ചു ഡോക്ടര്‍മാരായി വീട് എന്ന കൂട് വിട്ടു അവര്‍ പറന്നുപോയി.

മക്കളെ വളര്‍ത്തി വലുതാക്കി ഓരോ സ്ഥാനമാനങ്ങളില്‍ കൈപിടിച്ച് ഉയര്‍ത്തി ഇരുത്തിയ ഉമ്മയ്ക്ക്, ജീവിതത്തിരക്കില്‍ ലോകത്തെ അങ്ങേകോണില്‍ പോയിമറഞ്ഞ സ്വന്തം മകള്‍ മറന്നുപോയ ഉമ്മയെ സ്മരിച്ചുകൊണ്ട്.. ഈ മകന്‍ മാതൃദിനത്തില്‍ ഞങ്ങളുടെ മമ്മിയെ സ്നേഹത്തോടെ പരിചയപ്പെടുത്തട്ടെ..



Thursday, April 28, 2011

കോവിലകം കടവും ചില സീനുകളും!

( 2001-ല്‍ എന്റെ ക്യാമറ ഒപ്പിയെടുത്തത്)

നിലമ്പൂര്‍ കോവിലകം കടവ്‌ .  ചരിത്ര സ്മരണകള്‍ ഉറങ്ങിക്കിടക്കുന്ന ഇവിടം ഒരുപിടി സിനിമകളില്‍ വന്നിട്ടുണ്ട്. 'കുട്ടികുപ്പായം' സിനിമയിലെ 'വെളുക്കുമ്പം കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍ വേലിയ്ക്കല്‍ നിന്നവനേ' എന്ന ഗാനരംഗം, 'എന്നെന്നും കണ്ണേട്ടന്റെ' എന്നതിലെ 'പൂവട്ടക തട്ടിചിന്തി പൂമലയില്‍ പുതുമഴ മിന്നി ഗാനരംഗം', ഹരിഹരന്‍ സിനിമകള്‍ എന്നിവയിലൊക്കെ ഈ തീരം ഒപ്പിയെടുക്കപ്പെട്ടു.


മാനവേദന്‍ ഹൈസ്കൂളിലെ സ്റ്റേജ്. യുവജനോല്‍സവം ഉണ്ടാവുമ്പോള്‍ ഒരു വേള ആ സ്റ്റേജില്‍ ഒന്ന് കയറാന്‍ ആഗ്രഹിച്ച നാളുകള്‍ .. മിക്കപ്പോഴും ചിത്രരചനാ മത്സരഫലം വരുമ്പോള്‍ സ്വന്തം പേര്‍ കേട്ട് പുളകിതനായി ആള്‍ക്കൂട്ടത്തില്‍ ആരോരുമറിയാതെ നിന്നതും ഓര്‍ത്തുപോകുന്നു.


സംഭവബഹുലമായ പത്താം ക്ലാസ്‌ പഠനകാലം കഴിഞ്ഞുകൂടിയത് ദേ ആ കാണുന്ന അങ്ങേയറ്റത്തെ ക്ലാസ്‌ മുറിയില്‍ ആയിരുന്നു.


മാതാപിതാക്കളും അമ്മാവനും  പഠിച്ച പള്ളിക്കൂടം കാണുവാന്‍ ഒടുവില്‍ പുതുതലമുറയും വന്നെത്തി. എന്‍റെ ഇരട്ടഅനിയത്തിമാരുടെ മക്കള്‍ ഓടിക്കളിക്കുന്നു.

Wednesday, August 11, 2010

പ്രകാശിതപൂരിതം.


(സിറാജ് പത്രത്തില്‍ വന്നത്)


'ഒരു സിനിമാ ഡയറിക്കുറിപ്പ്' ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് Dr. അസീസ്‌ തരുവണക്ക് നല്‍കി പ്രകാശനം ചെയ്തപ്പോള്‍. സമീപം (ഇടത്ത് നിന്ന്) കെ.എസ്.സി. ജ.സെക്ര. ബക്കര്‍ കണ്ണപുരം, സിറാജ് പത്രാധിപര്‍ കെ.എം.അബ്ബാസ്‌, അങ്ങേയറ്റം മാധ്യമം റിപ്പോര്‍ട്ടര്‍ സഫറുള്ള പാലപ്പെട്ടി.



കെ.എസ്.സി. ചുമര്‍ മാസികയായ 'ജാലകം' പ്രകാശനം ചെയ്ത Dr. അസീസ്‌ തരുവണയുടെ (കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് എഡിറ്റര്‍) ഒപ്പം നില്‍ക്കുന്നത്‌ ബ്ലോഗര്‍ കൈതമുള്ള്, മാധ്യമം റിപ്പോര്‍ട്ടര്‍ സഫറുള്ള പാലപ്പെട്ടി, കെ.എസ്.സി. സാഹിത്യ വിഭാഗം സെക്ര. അയൂബ് കടല്‍മാട്‌, കവി അസ്മോ പുത്തന്‍ചിറ, പേരറിയാ 'അനോണി'!


(സന്നിഹിതരായിരുന്ന മറ്റ് പ്രമുഖ ബ്ലോഗ്‌ പുലികളായ വഴിപോക്കന്‍, എരകപ്പുല്ല്, എടക്കാടന്‍, ഇസ്കന്ദര്‍ മിര്‍സ, ബിന്ദു കെ.പി, ചന്ദ്രകാന്തം ഫാമിലി എന്നിവര്‍ ക്യാമറയുടെ പിറകില്‍ നില്പുണ്ടായിരുന്നു.)


അവരുടെ പടങ്ങള്‍ ഉടനിടാം..

Tuesday, June 29, 2010

ഒരു ക്ലിക്ക്‌!

നായകനും വില്ലനും സംവിധായകനും ഒരു ക്ലിക്കില്‍ പെട്ടപ്പോള്‍!


അങ്ങേ അറ്റം ചിരിച്ചു നില്‍ക്കുന്നത്‌ തുമ്പോളി കടപ്പുറത്ത്‌ സില്‍ക്ക്‌ സ്മിതയെ മുതല്‍ കളിയാട്ടത്തില്‍ മഞ്ജു വാരിയരെ വരെ ഡയലോഗ് പ്രോമ്റ്റ്‌ ചെയ്ത അന്നത്തെ സഹസംവിധായകന്‍ ഇസ്കന്തര്‍ മിര്‍സ.
(പുതുമുഖമായ ഒരു ബ്ലോഗനാണ്)

താടിക്കാരന്‍ - മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു വരുന്ന കോമഡി വില്ലന്‍ ഹനീഫ്‌ കുമരനെല്ലൂര്‍, അമിതാഭ് ബച്ചനും മോഹന്‍ ലാലും ഹനീഫിനോപ്പം മേജര്‍ രവിയുടെ 'കാണ്ടഹാര്‍' എന്ന സിനിമയില്‍ അഭിനയിക്കുന്നു. :)

ഇങ്ങേ അറ്റം: ഉമ്മര്‍ ഭായ്‌ - കാമറ സഹായി.

ഇസ്കന്തര്‍ മിര്‍സ രചിച്ച് സംവിധാനിക്കുന്ന പുതിയ ടെലിഫിലിമില്‍ നായകനായ ഒരു ബ്ലോഗനൊപ്പം ഇവര്‍ ക്ലിക്കില്‍ പെട്ടപ്പോള്‍..!

Sunday, February 21, 2010

റ്റോംസ് എന്ന കടുവയെ പിടിച്ച കിടുവ!

ലോകപ്രശസ്ത മലയാളീ കാര്‍ട്ടൂണിസ്റ്റ് റ്റോംസ് തന്നേക്കാളും പ്രശസ്ത-സൃഷ്ടികളായ ‘ബോബനും മോളിയും’ പരമ്പരയുടെ അന്‍പതാം വാര്‍ഷികത്തിന് ഈയ്യിടെ അബുദാബിയിലെത്തിയ നേരം.. പണ്ട് പണ്ട്, പള്ളിക്കൂടത്തില്‍ പോകുന്ന കാലം തൊട്ട് തര്‍ക്കുത്തരത്തിനും ഉരുളയ്ക്ക് ഉപ്പേരിക്കും കുസൃതികള്‍ക്കും പ്രചോദനമായിരുന്ന ബോബനും, മോളിയും, അവരുടെ പട്ടി, പിന്നെ.. മൊട്ട, അപ്പീഹിപ്പി, പ.പ്രസിഡന്റ്, ചേടത്തി, വക്കീല്‍, ഉപ്പായി മാപ്ല ഇവര്‍ക്കൊക്കെ ജന്മം നല്‍കിയ റ്റോംസിനെ നേരില്‍ കാണുവാന്‍ പൂതിയോടെ കഴിഞ്ഞതാണ്. ഒടുവില്‍ ആ മഹാന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പരിചയപ്പെടുവാന്‍ എനിക്കും അവസരമൊത്തു.

 
സാക്ഷാല്‍ റ്റോംസിന്റെ കാരിക്കേച്ചര്‍ ചെയ്യുന്ന ഗോമ്പറ്റീഷനില്‍ ഞാനും കൂടി. മറവിയുടെ മാറാലക്കുരുക്കില്‍ കുരുങ്ങിപ്പോയ എന്നിലെ കാര്‍ട്ടൂണ്‍വര വര്‍ഷങ്ങള്‍ക്കു ശേഷം വന്നപ്പോള്‍, പേപ്പറില്‍ റ്റോംസ് പതിഞ്ഞു. ആ വരയെ വിലയിരുത്തിയ മഹാന്‍ കൈയ്യൊപ്പ് ചാര്‍ത്തി തോളില്‍ കൊട്ടിയിട്ട് പറഞ്ഞത് “കടുവയെ പിടിച്ച കിടുവ!!” എന്നത് വലിയൊരു പുരസ്കാരമായി ഞാന്‍ സ്വീകരിച്ചു.

പണ്ട്, ആ വരകളിലൂടെ സഞ്ചരിച്ച എന്റെ ബാല്യകാ‍ലത്ത്, കാര്‍ട്ടൂണ്‍ മത്സരങ്ങളില്‍ പയറ്റിക്കിട്ടിയ സോപ്പ് പെട്ടി, പെന്‍സില്‍, പെന്‍, സാക്ഷ്യപത്രം ഒക്കെ ലഭിക്കുവാനും ഭാഗ്യമുണ്ടായി. നാലാം തരം മുതല്‍ക്ക് തുടങ്ങിയ മത്സരം കാലിക്കറ്റ് സി-സോണിലെ രണ്ടാം സമ്മാനത്തില്‍ ചെന്നെത്തി അവസാനിപ്പിച്ചതാണ്.

Friday, February 5, 2010

ഈ സാധനം ഓര്‍മ്മയുണ്ടോ? ഒന്നോര്‍ത്ത് നോക്ക്യേ??

ഇങ്ങനെ ഒരു സാധനം കണ്ടതായി ഓര്‍ക്കുന്നുവോ? ഇതില്‍ പണ്ട് കണ്ടിരുന്ന വിവാഹകാസറ്റ്, സിനിമ, മറ്റ് പലവിധ ‘ഷോ’കള്‍.. മറന്നുവോ?
ഇന്നത്തെ കാലത്ത് എത്ര സൈസുള്ളതും മില്യണ്‍ ഡോളര്‍ ചിലവുള്ളതുമായ പുത്തന്‍‌പടങ്ങളും പാട്ടുകളും ഒരു ചെറുവിരല്‍ പോലും സൈസ് ഇല്ലാത്ത ‘കുറ്റി’ (ഫ്ലാഷ് ഡ്രൈവ്)-യിലും ‘പപ്പട വട്ടവാഹിനി’ (ഡിവിഡി/സിഡി)-യിലും കൊണ്ടുനടക്കുന്ന തലമുറയ്ക്ക് ഇവനെ അറിയില്ല. ഇവനാണ് വീസിആര്‍ ഏലിയാസ് വീസീപി പ്ലെയര്‍!                                                                                                                                                                                                                                                                                               ഇരുപത്തഞ്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഇത് ഉള്ള വീടുകള്‍തോറും ആഴ്ചയില്‍ ഒരിക്കല്‍ ഒരുത്തന്‍ ഒരു പെട്ടി നിറയെ ഇതിലിട്ട് കാണാനുള്ള ഓലച്ചുരുളടങ്ങിയ കാസറ്റുകളുമായി വരുമായിരുന്നു. (മഞ്ചേരിയില്‍ നിന്നും നിലമ്പൂരിലേക്കാണ് കാസറ്റ് ചെങ്ങാതിയുടെ വരവ്). അന്ന്, അഞ്ചുരൂപ വാടകയ്ക്ക് ഒരു കാസറ്റ് ഒരാഴ്ചയ്ക്ക് കിട്ടും. ജയന്‍, നസീര്‍ മുതല്‍ക്ക് അന്നത്തെ പുതുതാരങ്ങള്‍ ആയി കസറിവന്ന മമ്മൂട്ടി, മോഹന്‍‌ലാല്‍, റഹ്മാന്‍, രോഹിണി, മാധവി സിനിമാ കാസറ്റുകള്‍ക്ക് വന്‍ ഡിമാന്‍സായിരുന്നു. കോളേജ് പിള്ളേരുള്ള വീടുകളില്‍ ഹോളിവുഡ്, ഹിന്ദി, തമിഴ് മസാലകളും ചിലവായിരുന്നു.                                                                                                                  എന്റെ വീട്ടില്‍ ഇല്ലാത്തതിനാല്‍ അയല്‍‌പക്കത്ത് പോയിട്ട് ഇതില്‍ കളിക്കുന്ന സിനിമകള്‍ കണ്ട് അന്തം വിട്ട് ഇരുന്ന് ഹരം കൊണ്ടതൊക്കെ മറക്കാനാവില്ല. അവിടെ എട്ട് പെണ്‍‌കുട്ടികളായിരുന്നു. അറിഞ്ഞോ അറിയാതെയോ എന്ന് ഇപ്പോഴും എനിക്കറിയില്ല! ഒരിക്കല്‍ ടൂറിംഗ് കാസറ്റ് ചെങ്ങാതി, ഏറ്റവും പുതിയ ഹോളിവുഡ്ഡ് ഹൊറര്‍ പടമാണെന്ന് പറഞ്ഞ് അവരെക്കൊണ്ട് ഒരു കാസറ്റ് എടുപ്പിച്ചു. അവന്‍ പൈസയും വാങ്ങി പോയ ഉടന്‍ എട്ട് പെണ്ണുങ്ങളും വള്ളിനിക്കറിട്ട പൊടിയന്‍ പയ്യനായ ഞാനും ആ കാസറ്റ് പ്ലേയറില്‍ ഇട്ട് പൊട്ടലും ചീറ്റലും വരുന്ന ‘സോണി‘ ബ്രാന്‍ഡ് ടീവിയില്‍ കണ്ണും നട്ടിരുന്നപ്പോള്‍...                                                                                                                            ഹൊറര്‍ രംഗത്തേക്കാളും ഭീബത്സമായ, തുണിയില്ലാത്ത ഒരു പെണ്ണും രണ്ടാണും കാണിക്കുന്ന വിക്രസ്സ്!! ഞാന്‍ മൂളിപ്പാട്ടും പാടി ഇറങ്ങിയോടി. എട്ട് പെണ്ണുങ്ങളിലാരോ ഓടിപ്പോയിട്ട് മെയിന്‍ സ്വിച്ച് ഓഫാക്കി കാസറ്റോടുന്നത് നിറുത്തലാക്കി. അടുത്തയാഴ്ച കാസറ്റ് ചെങ്ങാതി വരുമ്പോള്‍ വെച്ചിട്ടുണ്ടെന്നൊക്കെ അവര്‍ പറഞ്ഞത് കേട്ടു. എന്നാല്‍, പിന്നീട് വന്നത് വേറെ യുവാവ് ആയിരുന്നു!                                                                                                                                    ഇതൊക്കെ ഇപ്പോള്‍ ഓര്‍മ്മയുടെ അറയില്‍ തെളിഞ്ഞത് ഈയ്യിടെ ഈ പുരാതന സാധനത്തെ പൊടിപിടിച്ച നിലയില്‍ അബുദാബിയിലെ സുഹൃത്തിന്റെ വീട്ടില്‍ കണ്ടപ്പോഴാണ്.

Saturday, January 16, 2010

സാമ്പത്തിക മാന്ദ്യകാലത്തെ നേര്‍ക്കാഴ്ചകള്‍!

സാമ്പത്തിക മാന്ദ്യകാലത്തെ പ്രവാസമണ്ണില്‍ നിന്നും ഒപ്പിയെടുത്ത വ്യത്യസ്ത ഷോട്ടുകള്‍..

പണിയില്ലാത്ത പട്ടാണിയുടെ മീന്‍‌പിടുത്തം. (ഒരു കടലോളം വെള്ളം ഉണ്ടായിട്ടും പുറം തിരിഞ്ഞിരുന്ന് കരയിലെ മീന്‍ പിടിക്കുന്നത് ഒരു പട്ടാണി സ്റ്റൈല്‍!)


ഓട്ടം നിറുത്തിയ ടാക്സി കാറിന്റെ മുകളില്‍ നല്ല മീന്‍ കൂട്ടിയ കാലമോര്‍ത്ത് മയങ്ങുന്ന മെലിഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാടന്‍‌പൂച്ച!



ദൈനംദിന പണികളില്‍ നിന്നും ‘ഫ്രീ‘ ആയവര്‍ ചാനലുകാരുടെ ഫ്ലാഷ് ന്യൂസ് കണ്ടും കേട്ടും ചുമ്മാ ഇരിക്കുന്നു..



പണ്ട്, നാട്ടിന്‍പുറങ്ങളിലെ വായനശാലകളിലും റിക്രിയേഷന്‍ ക്ലബുകളിലും തൊഴില്‍‌രഹിതരായവര്‍ (ഞാനും അടക്കം) ഇങ്ങനെ ടിവിപ്പെട്ടിക്ക് മുന്നില്‍ ഇരുന്ന കാലം ഇവിടെ പ്രവാസമണ്ണിലും പുനരാവിഷ്കരിക്കപ്പെട്ടപ്പോള്‍ സത്യായിട്ടും അന്ത:രംഗത്തിലാരോ വിസില്‍ ഊതുമ്പോലെ..

Friday, January 1, 2010

ഷാർജായിലെ ഈ ഹാൾ ഏതാണ്?


ഷാർജയിലെ ടൌൺഹാൾ (ഇതിന്റെ ശരിപ്പേർ മറന്നുപോയി.)


ഷാർജായിലെ ഈ ഹാളിന്റെ പേർ അറിയുമെങ്കിൽ ഒന്ന് അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Friday, November 13, 2009

2012 - ലോകാവസാനം ബ്രഹ്മാണ്ഠ സിനിമ!!!



2012 ലോകം ഒടുങ്ങുന്നതിനും മുമ്പെ സിനിമ കാണാന് കോഴിക്കോട് ക്രൌണില് ഓടിക്കൂടിയ ജനം!



ഓടിവരൂ ലോകം ഒടുങ്ങാനുള്ള പോക്കാ..!



ഇത് നരകമല്ല, സിനിമാഹാളാണ്, വെള്ളത്തിരശ്ശീലയില് ആകാംക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ജനം..



തീര്ന്നൂ മക്കളേ, തീര്ന്നു, സിനിമ തീര്ന്നൂന്ന്! ലോകമല്ല..




പുറം ലോകത്ത് എത്തിയപ്പോള് 2012 കാണാന് ഓടിക്കൂടുന്ന ജനങ്ങളുടെ തിക്കിത്തിരക്ക്! മുകളില് തെളിഞ്ഞ ആകാശം മേഘാവൃതം ആയി.

എന്തൊക്കെ ആയാലും 2012 ഒരു ബ്രഹ്മാണ്ഠ സിനിമ തന്നെ എന്നതിന് നോ ഡൌട്ട്! എനിക്ക് ടൈറ്റാനിക്കിനേക്കാളും ഈ പടം ഇഷ്ടായി.

ലോകം മൊത്തം സുനാമിത്തിരകളും അഗ്നിപര്‌വതങ്ങളും തകര്ത്തിടുകയല്ലേ. അമേരിക്ക പോലും നാമാവശേഷമായി. ഹിമാലയം മാത്രം ബാക്കി. ഇന്ത്യ ആദ്യമേ ഡക്കിന് ഔട്ടായിട്ടോ!!

കണ്ടില്ലെങ്കില് കാണണം, അല്ലെങ്കില് 2012 വരെ കാത്തിരുന്നാല് ലൈവ് ആയി കാണാവുന്നതാണ്!!

Sunday, November 1, 2009

വാര്ർത്തകളുടെ നാൾവഴികൾ... An Unusual Collection of BREAKING NEWS

  • നമ്മളെ സ്വാധീനിച്ച, നമ്മളെ വേട്ടയാടിയ, നമ്മൾ മറന്നുപോയ വാർത്തകളിലൂടെ ഒരു സഞ്ചാരം ആയിരുന്നു ഇന്നലെ അബുദാബിയിൽ സംഭവിച്ചത്‌.
  • ചങ്ങരംകുളത്തിനടുത്തുള്ള കടവല്ലൂര് സ്വദേശിയും ഇരുപത്തഞ്ചു വർഷക്കാലമായി പ്രവാസിയുമായ അലിഭായ്‌ എന്നറിയപ്പെടുന്ന അബൂബക്കർ അലിയുടെ വാർത്താശേഖരം കെ.എസ്‌.സി സാഹിത്യവിഭാഗം പ്രദർശനം നടത്തി.

  • കരാട്ടേയിലും കുബുഡോയിലും 2nd DAN Black Belt നേടിയതും കൂടാതെ കളരിപ്പയറ്റ്, യോഗ എന്നിവയിലും പ്രാവീണ്യം നേടിയിട്ടുള്ള ബഹുമുഖ പ്രതിഭയാണ് അബൂബക്കറലി എന്ന അലിഭായ്..


  • നാണയശേഖരം, സ്റ്റാമ്പ്‌ ശേഖരം എന്നീ പലവിധ ഹോബികളും നാം കേട്ടിരിക്കാമെങ്കിലും വർഷങ്ങളായി പത്രത്താളുകളിൽ വന്നുമറഞ്ഞിട്ടുള്ള പ്രധാന വാർത്തകൾ, വിശിഷ്‌ടവ്യക്തികളുടെ നിര്യാണങ്ങൾ, വിവാദങ്ങൾ, കുറ്റാന്വേഷണങ്ങൾ, കുറ്റവാളികൾ, കൗതുകവാർത്തകൾ തുടങ്ങിയ നാനാവിധ വിഭാഗങ്ങളിൽ തിരിക്കാവുന്നവ അലിഭായുടെ ശേഖരത്തിലെ മുതൽക്കൂട്ടാവുന്നു. ഇവയുടെ പ്രദമ പ്രദർശനമായിരുന്നു ഇന്നലെത്തേത്‌.

  • ഇത്രയും കാലം സ്വകാര്യസ്വത്തുപോലെ സൂക്ഷിച്ചുപോന്ന അലിഭായുടെ വാർത്താശേഖരം സഹമുറിയൻ ആയ ഞാൻ സുഹൃത്തുക്കളായ മാമ്മൻ കെ രാജനും അബുദാബി മീഡിയ കമ്പനീലെ ശ്രീനിവാസിനും കാണിച്ചുകൊടുത്തു. ശ്രീനിവാസ്‌ ഏഷ്യാനെറ്റിലെ ഫൈസൽ ബിൻ അഹമദിനെ അറിയിക്കുകയും അങ്ങനെ ഏഷ്യാനെറ്റ്‌ ഗൾഫ്‌ റൗണ്ടപ്പ്‌ പരിപാടിയിൽ അലിഭായുടെ മുഖാമുഖം വരുകയുമുണ്ടായി.

  • കെ.എസ്‌.സി സാഹിത്യവിഭാഗം സെക്രട്ടറിയായ മാമ്മൻ കെ രാജനാണ്‌ ഈ വാർത്താപ്രദർശനം സംഘടിപ്പിച്ചത്‌, നൂറുകണക്കിനാളുകൾ പ്രദർശനം കാണാനെത്തിയിരുന്നു. യാദൃശ്ചികമെന്നോണം കെ.എസ്‌.സി ജോ.സെക്രട്ടറിയും ന്യൂസ്‌ റിപ്പോർട്ടറുമായ സഫറുള്ള പാലപ്പെട്ടി ഞെട്ടിപ്പോയി!

  • ഈ വാർത്താശേഖരത്തിൽ നായനാർ അബുദാബി സന്ദർശിച്ച വാർത്ത പണ്ട്‌ അദ്ധേഹം കൊടുത്തത്‌ കൂട്ടത്തിൽ കണ്ടത്‌ മാത്രമല്ല മറിച്ച്‌, ഇതെല്ലാം ശേഖരിച്ചു സൂക്ഷിക്കുന്നത്‌ പണ്ട്‌ ഒരേ മുറിയിൽ താമസിച്ചിരുന്ന സുഹൃത്ത്‌ ആണെന്ന് അറിഞ്ഞപ്പോഴാണ്‌ സഫറുള്ള അക്ഷരാർത്ഥത്തിൽ ഞെട്ടിയത്‌. ഏറെനാളുകൾക്ക്‌ ശേഷം കണ്ടുമുട്ടിയ സഫറുള്ളയും അലിഭായും സൗഹൃദം പൊടിതട്ടിയെടുത്തു.
  • സിസ്‌റ്റർ അഭയക്കേസ് വാർത്തകൾ

  • വീരപ്പൻ വാർത്തകൾ

  • ഷേയ്‌ക്ക് സായിദ് നിര്യാണവാർത്ത

  • എംജിആർ, എം‌എസ്സ് സുബ്ബലക്ഷ്മി, ബേനസീർ, ഒടുവിലാൻ, മറ്റ് വ്യക്തിനിര്യാണങ്ങൾ

  • അലിഭായിക്കൊപ്പം ഏറനാടൻ


  • അലിഭായ് (നടുവിൽ), വലത്തുനിന്നും മൂന്നാമത് മാമ്മൻ കെ രാജൻ, പുതുബ്ലോഗന് സഹവാസി (ഇടത്തുനിന്നും മൂന്നാമത്),സഹമുറിയന്മാരായ ഷെമീർ, നൌഫൽ ഭായിജാൻ, മുജീബ്, പ്രിജീത്

  • നവബൂലോകന് സഹവാസി പോസ്‌റ്റിനുള്ള വക വല്ലതും തടയുമോ എന്ന് ചികയുന്നു!

  • ഈ പ്രദർശനത്തോടൊപ്പം തന്നെ വ്യത്യസ്തമായ ഒരു ഡോക്യുഫിക്ഷൻ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. ക്രയോൺ ജയൻ രചന സംവിധാനം നിർവ്വഹിച്ച 'കാലിഡിയോസ്കോപ്പ്‌' ഇന്നത്തെ കേരളത്തിലെ ഭക്തി ക്യ്‌ഊ, ബീവറേജസ്‌ ക്യ്‌ഊ എന്നിവയും ക്വട്ടേഷൻ, പെൺപീഢനം, ലഹരി, ഭ്രാന്ത്‌ എന്നിവയുടെ നേർക്കാഴ്ച ഒപ്പിയെടുത്ത്‌ നിറവൈവിധ്യമുള്ള കാലിഡിയോസ്കോപ്പിക്‌ വ്യ്‌ഊ ഒരുക്കിയത്‌ നന്നായിരിക്കുന്നു. ശബ്‌ദലേഖനം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില് ഒന്നൂടെ നന്നാക്കാമായിരുന്നു ചിത്രം എന്നു തോന്നിപ്പോയി.

Tuesday, September 22, 2009

ദുബായ് മെട്രോട്രെയിനില്‍ ഒരു സവാരി!

മെട്രോട്രെയിന്‍ യാത്രയുടെ ഒരു വീഡിയോ ഇതാ ഇവിടെ:-


പെരുന്നാള്‍ അവധിദിനത്തില്‍ ഞാന്‍ സഹോദരീ,സഹോദര കുടുംബത്തോടൊപ്പം ദുബായ് മെട്രോ ട്രെയിനില്‍ ഒരു സവാരിക്ക് പോയി. അതൊരു ഒന്നൊന്നര സവാരിയായിരുന്നു.

മാള്‍ ഓഫ് എമിരേറ്റ്സ് പാര്‍ക്കിങ്ങില്‍ വണ്ടിയിട്ട് മെട്രോയില്‍ കേറാന്‍ പോകുമ്പോള്‍ സ്റ്റേഷനില്‍ക്കുള്ള വഴിയെല്ലാം അടച്ചിട്ടിരിക്കുന്നു. നാട്ടിലെപ്പോലെ ഇവിടേം ബന്ദ് ആയൊ എന്ന് അന്ധാളിച്ചപ്പോള്‍ ഒരുത്തന്‍ പറഞ്ഞു മാള്‍ ഓഫ് എമിറേറ്റ്സിലൂടെ അകത്തൂടെ പോകണം സ്റ്റേഷനില്‍ എത്തുവാനെന്ന്.

സ്റ്റേഷനില്‍ക്ക് പോകുമ്പോള്‍ ഷോപ്പിംഗ് നടത്തി പൈസ തുലയ്ക്കാനുള്ള അടവാണ് ഈ സം‌വിധാനമെന്ന് മനസ്സിലായി. ഞമ്മളോടാ കളി! ഒരു മിഠായ് പോലും മേടിക്കാതെ ഞങ്ങള്‍ ഒരുപാട് ദൂരം മാളിനകത്തൂടെ നടന്ന് സ്റ്റേഷനിലേക്കുള്ള ആള്‍ക്കാരുടെ ക്യൂവില്‍ നിന്നു. ഉച്ചതിരിഞ്ഞുള്ള നേരമായതുകൊണ്ട് വലിയ തിരക്കില്ല.

ഏറെനേരം നിന്നപ്പോള്‍ ക്ഷീണത്താല്‍ സഹോദരന്റെ ഭാര്യ കുഴഞ്ഞുവീണു. അതുകണ്ട് ഒരു മദാമ്മ ബാഗില്‍ വെച്ച മിനറല്‍ വാട്ടര്‍ തന്നു. അതും കണ്ട് മെട്രോസ്റ്റാഫ് ഫിലിപ്പിനിയും ഒരു നീഗ്രോയും ഓടിവന്നു സുശ്രൂഷ തരികയും ക്യൂവില്‍ നിന്ന ഞങ്ങളെ പ്രത്യേകം പരിചരിച്ച് വേറെ കവാടത്തിലൂടെ കൊണ്ടുപോകുകയും ഉണ്ടായി. വലിയ ബുദ്ധിമുട്ടില്ലാതെ ഞങ്ങളെ അവര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ ലഭിക്കുവാനും പ്ലാറ്റ് ഫോമിലേക്ക് എത്തിക്കുവാനും പോരാഞ്ഞ് തണുത്ത മിനറല്‍ വാട്ടര്‍ ഫ്രീയായി തരുവാനും ഉള്ള വിശാ‍ലമനസ്കത കാണിച്ചു.

ഇനിയും മെട്രോയില്‍ കയറാന്‍ പോകുമ്പോള്‍ കൂട്ടത്തില്‍ ആരെങ്കിലും ഇങ്ങനെ ബോധക്ഷയം കാണിച്ചാല്‍ വലിയ ഏടാകൂടമില്ലാതെ ട്രെയിനില്‍ കയറിപ്പറ്റാം എന്ന് മനസ്സിലായി. എപ്പോഴും ബോധം ഇട്ടാല്‍ മെട്രൊ കിട്ടില്ല എന്നും വരാം. എപ്പോഴും ചക്ക ഇട്ടാല്‍ മുയല്‍ കിട്ടില്ല എന്നപോലെ.!

വണ്ടി ദൂരേന്ന് വരുന്നത് കണ്ടപ്പോഴേ ആള്‍ക്കാര്‍ തിക്കിത്തിരക്കി വാതിലിനടുത്ത് റെഡിയായി നിന്നു.

ഒച്ചയും ഹോണടിയും ഇല്ലാതെ ഒരു ഒച്ചിന് സ്പീഡ് കൂടിയ പോലെ ആറ് ബോഗിയുള്ള എഞ്ചിന്‍ ഇല്ലാത്ത മെട്രോട്രെയിന്‍ കൂക്കില്ലാതെ സ്റ്റേഷനിലെ മിന്നിത്തിളങ്ങുന്ന പ്ലാറ്റ്ഫോമില്‍ വന്നുനിന്നു. അതില്‍ ഒരുവിധം ബദ്ധപ്പെട്ട് കേറിക്കൂടി. പിന്നെ ഒച്ചയില്ലാതെ മര്യാദക്കാരനായി മെട്രോ പുറപ്പെട്ടു.



നമ്മുടെ ഡേഎക്സ്പ്രസ്സ് പോലെ ഷൊര്‍ണ്ണൂര്‍-എറണാകുളം ഷട്ടില്‍ പോലെ ജനനിബിഢമായിരുന്നു അതിനകം. സീറ്റുകള്‍ വിരളം, അതിലാളുകള്‍ നിബിഢം. ബാക്കിയുള്ള ജനങ്ങള്‍ കിട്ടാവുന്ന കമ്പികളില്‍ തൂങ്ങിയാടി നില്‍പ്പുണ്ട്.

കയറ്റമിറക്കമുള്ള റെയിലിലൂടെ വണ്ടി നിശ്ശബ്ദമായി പാഞ്ഞു. ഓരോ അഞ്ചുമിനിറ്റുതോറും സ്റ്റേഷനുകളാണ്. അവിടേന്നെല്ലാം ആളെയെടുത്ത് വണ്ടി മുന്നോട്ട്..

പിന്നെ ഒരു തുരങ്കം വഴി താഴോട്ട് പാതാളത്തിലേക്ക്.. നാലര കിലോമീറ്റര്‍ ദൂരം ബര്‍ദുബായ് ദേര ദേശത്തെ വിഭജിക്കുന്ന ക്രീക്കിലെ വെള്ളത്തിനടിയിലൂടെ ഓടിയിട്ട് മെട്രോട്രെയിന്‍ പിന്നെ പൊങ്ങുന്നത് ദേര സിറ്റിസെന്റര്‍ സ്റ്റേഷനിലാണ്. അവിടേന്നും ആളെയിറക്കി കേറ്റി പാഞ്ഞ് എയര്‍പോര്‍ട്ട് മൂന്നാം ടെര്‍മിനലില്‍ നിന്നു.

ശരിക്കും നമ്മുടെ നാട്ടിലെ പോലെ ആള്‍ക്കാര്‍ തിക്കിത്തിരക്കി നില്‍ക്കുന്നത് കണ്ടു. ഒരു വ്യത്യാസം മാത്രം, “ചായ് കാപ്പി വടേയ്” എന്നുവിളിച്ച് നടക്കുന്ന ചായക്കാര്‍ ഇവിടെയില്ല, അതുപോലെ സ്റ്റേഷനുകളും വണ്ടിയ്ക്കകവും എക്സ്റ്റ്രാ ക്ലീന്‍! പുത്തനച്ചി പുരപ്പുറം തൂക്കും എന്ന് പറയുമ്പോലെ ആകില്ല എന്ന് ആശിക്കാം.

നമ്മുടെ വണ്ടി പോകുന്നതിനപ്പുറത്തെ ട്രാക്കിലൂടെ എതിരേ വേറെ മെട്രോട്രെയിന്‍ പോകുന്നത് കാണാം. അനക്കമില്ല, കുലുക്കമില്ല, ശബ്ദമില്ല. ഒരു ട്രെയിന്‍ ഒക്കെയാവുമ്പം മിനിമം ഒരു കുലുക്കമോ ഞരക്കമോ ഹോണടിയോ എങ്കിലും വേണമായിരുന്നു എന്ന് തോന്നും.

പ്ലാറ്റ്ഫോമില്‍ നമ്മളെ സഹായിക്കാന്‍ സന്നദ്ധരായ കസ്റ്റമര്‍ സെര്‍വീസ് സ്റ്റാഫ് ഇഷ്ടമ്പോലെയുണ്ട്. പിന്നെ സര്‍വീസ് ആരംഭിച്ച അന്ന് അറിയാതെ എമര്‍ജന്‍സി ലിവര്‍ പിടിച്ച് താഴ്ത്തിയ പലര്‍ക്കും താക്കിത് നല്‍കിയിരുന്നു. ഇനി അതില്‍ തൊട്ടാല്‍ രണ്ടായിരം ദിര്‍ഹംസ് (25000 രൂ) കൊടുക്കണം.

വണ്ടിയ്ക്കകത്തോ സ്റ്റേഷനിലോ പുകവലിച്ചാല്‍ 200 ദിര്‍ഹംസ് മാത്രം ഫൈന്‍ കൊടുത്താല്‍ മതി, വണ്ടിക്കകത്ത് ഭക്ഷണം കഴിച്ചാലും അത്ര കൊടുക്കേണ്ടിവരും.

ഏതായാലും ട്രാഫിക് ജാമില്‍ പൊറുതിമുട്ടിയിരുന്ന ദുബായ് നഗരത്തിന് മെട്രോ സര്‍വീസ് ഒരു ആശ്വാസവും മുതല്‍ക്കൂട്ടുമാണ്. നിത്യേന അന്‍പതിനായിരത്തോളം ആളുകള്‍ ഇതില്‍ സഞ്ചരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അത്രയും വാഹനബാഹുല്യം റോഡില്‍ കുറഞ്ഞുകിട്ടിയത് ദുബായ് ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും ഒരുപോലെ സന്തോഷകരമായ കാര്യമാണ്.


വണ്ടിയുടെ വേഗതയില്‍ അന്ധാളിച്ച് ഇരിക്കുന്ന ഒരു ബാലനെ നോക്കൂ..

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com