സിനിമയുടെ പിന്നാമ്പുറ കഥകള്‍ പലപ്പോഴും പോളിഷ് ചെയ്താണ് മുന്നിലെത്തുന്നതെന്നും എന്നാല്‍, കലകളില്‍ ഇത്രയേറെ മനുഷ്യവിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്ന മറ്റൊരു വേദി ഇല്ലെന്നും ചെറുകഥാകൃത്ത് ശിഹാബുദ്ധീന്‍ പൊയ്ത്തുംകടവ് അഭിപ്രായപ്പെട്ടു. ഏറനാടന്‍ എന്ന പേരില്‍ ബ്ലോഗ് രചന നടത്തുന്ന സാലിഹ് കല്ലടയുടെ 'ഒരു സിനിമാ ഡയറിക്കുറിപ്പ്' എന്ന പുസ്തകം കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് എഡിറ്റര്‍ ഡോ. അസീസ് തരുവണയ്ക്ക് നല്കി പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. ഇന്നും ചാതുര്‍വര്‍ണ്യം നിലനില്‍ക്കുന്ന സ്ഥലമാണ് സിനിമയുടെ പിന്നാമ്പുറം. അവിടെ ഭക്ഷണം പോലും നാല് തരത്തിലാണ് പാചകം ചെയ്യുന്നതെന്നും ശിഹാബ് കൂട്ടിച്ചേര്‍ത്തു.
ബ്ലോഗ് ലോകതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന സാഹിത്യരൂപമാണെന്നും ഗള്‍ഫ് ജീവിതം ഇന്ന് ഏറ്റവും കൂടുതല്‍ ആവിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ബ്ലോഗിലൂടെ ആണെന്നും ഡോ. അസീസ് തരുവണ അഭിപ്രായപ്പെട്ടു. ബ്ലോഗ് സാഹിത്യത്തിലെ പുതിയൊരു ധാരയാണ്. മലയാള സാഹിത്യ ചരിത്രത്തെ കുറിച്ച് കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഒരു ഗ്രന്ഥം തയ്യാറാക്കുന്നുണ്ടെന്നും അതില്‍ ബ്ലോഗ് സാഹിത്യത്തെക്കുറിച്ച് ഒരു അദ്ധ്യായം ഉള്‍പ്പെടുത്തുമെന്നും അസീസ് തരുവണ പറഞ്ഞു. ഇറാഖ് യുദ്ധകാലത്ത് പ്രമുഖ പത്രപ്രവര്‍ത്തകനായ സലാം ബക്സ് ബ്ലോഗിലൂടെയും ലബനോന്‍ യുദ്ധകാലത്ത് മറ്റൊരു ബ്ലോഗറായ ഒരു പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകളിലൂടെയും ആയിരുന്നു വാര്‍ത്തകള്‍ സത്യസന്ധമായി ലഭിച്ചുകൊണ്ടിരുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
സഫറുള്ള പാലപ്പെട്ടി പുസ്തകം സദസ്സിനു പരിചയപ്പെടുത്തി. കേരള സോഷ്യല്‍ സെന്റര്‍ സെക്രട്ടറി ബക്കര്‍ കണ്ണപുരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ കെ.എം. അബ്ബാസ് സംസാരിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് സ്വാഗതവും ജോ.സെക്രട്ടറി എ.എല്‍.സിയാദ് നന്ദിയും പറഞ്ഞു.
ബ്ലോഗ് രംഗത്തെ പ്രമുഖരായ കൈതമുള്ള്, ചന്ദ്രകാന്തം, ബിന്ദു കെ.പി എന്നിവര്‍ കുടുംബസമേതവും, എരകപ്പുല്ല്, എടക്കാടന്‍, വഴിപോക്കന്, ഇസ്കന്ദര്‍ മിര്‍സ എന്നിവരും സന്നിഹിതരായിരുന്നു.